സമരം തുടരാനുറച്ച് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ: കണ്ണൂരിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല

Friday 10 May 2024 8:57 PM IST

കണ്ണൂർ: ആവശ്യങ്ങൾ അംഗീകരിക്കും വരെരെ സമരവുമായി മുന്നോട്ടു പോകാൻ ഉറപ്പിച്ച്

ഡ്രൈ വിംഗ് സ്‌കൂൾ അസോസിയേഷനുകൾ. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഇന്നലെയും ജില്ലയിൽ പ്രതിഷേധം തുടർന്നു. ഇതോടെ പൊലീസ സംരക്ഷണത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കണമെന്ന് മന്ത്രി കെ. ബി .ഗണേഷ് കുമാറിന്റെ നിർദേശം ജില്ലയിൽ നടപ്പിലായില്ല.

തലശേരി, ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെല്ലാം സജ്ജീകരണമൊരുക്കി ഉദ്യോഗസ്ഥരും പൊലീസും ടെസ്റ്റിംഗ് ഗ്രൗണ്ടിലെത്തിയിട്ടും ഒറ്ര അപേക്ഷകൻ പോലും ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയില്ല. ടെസ്റ്റ് സ്ളോട്ട് ലഭിച്ച ആരുമെത്താത്തതിന് പിന്നിൽ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനുകളുടെ കടുത്ത പ്രതിഷേധമാണ്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ജില്ലയിലുള്ളത്.

പുതുക്കിയ ഓർഡർ അനുസരിച്ച് ഓരോ ആർ.ടി.ഒ ഓഫിസിന് കീഴിലും ദിവസം നാൽപത് ടെസ്റ്റുകൾക്കാണ് അനുമതി. ഇത് അറുപതാക്കണമെന്നും ജില്ലാ ആസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് അനുസരിച്ച് ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഡ്രൈവിംഗ് ടെസ്റ്റിന് അഡിഷണൽ ക്ലച്ചും ബ്രേക്കും ഇല്ലാത്ത വാഹനങ്ങൾ കൊണ്ടുവരണമെന്നും 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് പാടില്ലെന്നുമുള്ള പുതിയ നിർദേശങ്ങൾ പിൻവലിക്കണമെന്നും സമരസമിതിയുടെ ആവശ്യങ്ങളിൽ പെടുന്നു.

തോട്ടടയിൽ മനുഷ്യച്ചങ്ങല
കണ്ണൂർ തോട്ടടയിലെ സർക്കാരിന് കീഴിലുള്ള ടെസ്റ്റിീഗ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും തൊഴിലാളികളും മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു. ആൾ കേരള മോട്ടോർ ഡ്രൈവിംഗ് ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സാരഥി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേർസ് ആൻഡ് വർക്കേഴ്സ് സംഘ് (ബി.എം.എസ്) എന്നിവരുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധത്തിന് നേതാക്കളായ ജില്ലാ സെക്രട്ടറി ഷാജി അക്കരമ്മൽ, ആർ.കെ.നിഷ, ടി.റിയാസ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement