വിലയിടിഞ്ഞ് അരളി; അലങ്കാരത്തിന് നട്ടതെല്ലാം വെട്ടിക്കളയുന്നു

Friday 10 May 2024 9:03 PM IST

തൃശൂർ: അലങ്കാരത്തിന് വീടുകളിലും മറ്റും നട്ടുവളർത്തിയ അരളി പലരും വെട്ടിക്കളയുന്നു. ആലപ്പുഴയിൽ അരളിപ്പൂവ് ചവച്ചതിനെത്തുടർന്ന് യുവതി മരിച്ചെന്ന വാർത്തയെ തുടർന്നാണിത്.

കഴിഞ്ഞ ദിവസം വരടിയത്ത് പിങ്ക് നിറത്തിലുള്ള അരളിച്ചെടികൾ പലരും വെട്ടിക്കളഞ്ഞു. വെട്ടിയ ചിലർക്ക് ശ്വാസതടസമുണ്ടായെന്നാണ് വിവരം. തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകളിൽ നിവേദ്യത്തിലും പ്രസാദത്തിലും അരളി ഉപയോഗിക്കുന്നത് നിരോധിച്ചു. ഹാരങ്ങൾക്കും പൂജയ്ക്കും മറ്റും ഉപയോഗിക്കാം. അതേസമയം കൊച്ചിൻ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ചുവപ്പ്, പിങ്ക്, വെള്ള നിറങ്ങളിൽ കാണപ്പെടുന്ന അരളി കണ്ണാവീരം എന്നും അറിയപ്പെടുന്നു. മെഡിറ്ററേനിയൻ പ്രദേശത്ത് സ്വാഭാവികമായി കാണപ്പെടുന്ന ഇത് ശ്രീലങ്ക പോലുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ആത്മഹത്യക്ക് വ്യാപകമായി ഉപയോഗിക്കുന്നു. 10 മുതൽ 20 വരെ ഇലകൾ തിന്നാൽ കന്നുകാലികൾ ചാകും. ഈയിടെ പത്തനംതിട്ടയിൽ ഇതു തിന്ന പശു ചത്തിരുന്നു.

വാങ്ങാൻ മടിച്ച് വ്യാപാരികൾ

ക്ഷേത്രങ്ങളിലും മറ്റും വിലക്കിയതിനെത്തുടർന്ന് പുഷ്പവ്യാപാരികൾ അരളിക്കു പകരം തെച്ചി, മുല്ല, പീച്ചി തുടങ്ങിയവയാണ് കൂടുതലും വാങ്ങുന്നത്. മാലകളിലും മറ്റും ഉപയോഗിക്കാമെങ്കിലും വിൽപ്പന നടക്കില്ലെന്ന് ഭയന്നാണിത്. മലബാറിലെ ക്ഷേത്രങ്ങളൽ പൊതുവെ അരളി ഉപയോഗം കുറവാണ്. ഡിമാന്റ് കുറഞ്ഞതിനെത്തുടർന്ന് അരളി വില കിലോയ്ക്ക് 250 രൂപയായി. ഇടക്കാലത്ത് 400 വരെ ഉയർന്നിരുന്നു.

സസ്യഭാഗങ്ങൾ നേരിട്ട് ഭക്ഷിച്ചാലും നീര് ത്വക്കിൽ പുരണ്ടാലും വിഷബാധയുണ്ടാകും. ചെടിയുടെ എല്ലാ ഭാഗങ്ങളിലും വിഷമുണ്ട്.

- ഡോ. ടി.കെ. ഹൃദീക്, എം.ഡി, ഔഷധി

Advertisement
Advertisement