തെരുവുനായ വിഷയത്തിൽ സുപ്രിംകോടതി ഇടപെട്ടില്ല; ഹൈക്കോടതിയെ സമീപിക്കാൻ ജില്ലാപഞ്ചായത്ത്

Friday 10 May 2024 9:05 PM IST

കണ്ണൂർ: തെരുവുനായ അക്രമണവുമായി ബന്ധപ്പെട്ട നിയമനടപടി ശക്തമാക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്. നേരത്തെ നൽകിയ ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം വന്നതോടെ നിയമവിദഗ്ധരുമായി ആലോചന നടത്തുകയാണ് ജില്ലാപഞ്ചായത്ത് അധികൃതർ.ഒരു കുട്ടിയെ കൊലപ്പെടുത്തുകയും കുട്ടികളടക്കം നൂറുകണക്കിനാളുകളെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സുപ്രിംകോടതിയെ സമീപിച്ചത്.

സമീപ കാലത്ത് ഉൾപ്പെടെ നടന്ന തെരുവ് നായ ആക്രമണങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങൾ ദിവ്യ കോടതിയിൽ സമർപ്പിച്ചിരുന്നു. തെരുവുനായ നിയന്ത്രണത്തിന് ഏറ്റവും വലിയ തടസം സൃഷ്ടിക്കുന്ന എ.ബി.സി ആക്ട് 2001 നിയമ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആനിമൽ ഹസ്ബൻഡറി വകുപ്പിനും ജില്ലാപ‌ഞ്ചായത്ത് പ്രസിഡന്റ് കത്തയക്കുകയും ചെയ്തിരുന്നു.

മാറാത്ത നോവായി നിഹാൽ

മുഴപ്പിലങ്ങാട് നിഹാൽ എന്ന കുട്ടിയെ തെരുവുനായ കടിച്ചു കൊന്നതോടെയാണ് തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധം ആളിപ്പടർന്നത്. അതേ തെരുവുനായ തന്നെ ജാൻവിയെന്ന കുട്ടിയെയും അക്രമിച്ചു.ഇതിനുപുറമേ നിരവധി കാൽനടയാത്രക്കാരും പ്രഭാത സവാരിക്കാരുമെല്ലാം നിരന്തരം തെരുവ് നായ ആക്രമണത്തിന് ഇരകളായി

.കുട്ടികൾക്ക് എതിരെ വരെ തെരുവ് നായകളുടെ അക്രമം കൂടിയ സാഹചര്യത്തിലാണ് ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രൻ ആണ് പി.പി.ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.സംസ്ഥാന സർക്കാരും ബാലാവകാശ കമ്മീഷനും ഹർജിക്ക് ഒപ്പം ചേർന്നിരുന്നു. നിലവിൽ സുപ്രീംകോടതി ഹർജിയിൽ ഇടപെടാതെ തീർപ്പാക്കിയത് തിരിച്ചടി അല്ലെന്ന് അധികൃതർ പറഞ്ഞു. ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.

എതിർവാദവുമായി മൃഗസ്നേഹികൾ....

തെരുവുനായകൾ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുന്ന ശക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ ജില്ലാ പഞ്ചായത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ മൃഗസ്നേഹികളുടെ ഒരു വൻനിര തന്നെ ജില്ലാ പഞ്ചായത്തിനെതിരെയുള്ള എതിർവാദവുമായി കോടതിയിൽ എത്തിയിരുന്നു.തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും ജില്ലാ പഞ്ചായത്ത് സഹായമുണ്ടാകുമെന്നും ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ലെന്ന് നേരത്തെ പി.പി.ദിവ്യ ആരോപിച്ചിരിന്നു.നിലവിൽ പടിയൂർ എ.ബി.സി സെന്ററിൽ ആകെയുള്ള 50 കൂടുകളിലും തെരുവുനായകളെ പാർപ്പിച്ചിട്ടുണ്ട്.മുഴപ്പിലങ്ങാട് വാടകയ്ക്ക് വീടുകളെടുത്ത് അവിടെ നായകളെ പാർപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.സുപ്രീംകോടതി കേസ് തള്ളാതിരുന്നതും ഹൈക്കോടതിയിൽ ഹർജി നൽകാൻ അനുമതി നൽകിയതും ജില്ലാ പഞ്ചായത്ത് പ്രതീക്ഷ നൽകുകയാണ്.

സുപ്രീം കോടതി ഹർജി തീർപ്പാക്കിയത് തിരിച്ചടിയല്ല. ഹൈക്കോടതിയെ സമീപിക്കാനുള്ള നിർദേശമാണ് നിലവിൽ സുപ്രീംകോടതി നൽകിയിരിക്കുന്നത്.നേരത്തെ നടത്തിയിരുന്ന നിയമ പോരാട്ടം തുടർന്നുകൊണ്ട് ഹൈക്കോടതിയെ സമീപിക്കും.അടുത്ത ദിവസം തന്നെ നിയമ വിദഗ്ധരുമായി കൂടി ആലോചിച്ച് വേണ്ട നിയമ നടപടികളുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ടു പോകും.

പി. പി. ദിവ്യ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement