വിഷ്ണുപ്രിയയുടെ അരുംകൊല:  ശ്യാംജിത്ത് സൈക്കോ കില്ലർ സിനിമകളുടെ ആരാധകൻ; അനുകരിച്ചതും അതിക്രൂര വയലൻസ്

Friday 10 May 2024 9:12 PM IST

കണ്ണൂർ: പ്രണയപ്പകയിൽ വിഷ്ണുപ്രിയയെ അരുംകൊല ചെയ്ത ശ്യാം ജിത്ത് യൂട്യൂബിൽ പ്രചരിക്കുന്ന കൊറിയൻ ആക്ഷൻ ഹൊറർ സൈക്കോ ത്രില്ലർ സിനിമകളുടെ ആരാധകൻ. സീരിയൽ കില്ലർമാരുടെ കൈയറപ്പില്ലാത്ത കൊല നടത്തുന്ന ദൃശ്യങ്ങൾ നിരവധി തവണ ഈയാൾ കണ്ടിട്ടുണ്ടെന്ന് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. തലയ്ക്ക് ചുറ്റിക കൊണ്ടു ഇരയെ അടിച്ചുവീഴ്ത്തി കഴുത്തറത്തുകൊല്ലുന്നത് ഇത്തരം സിനിമകളിലെ സ്ഥിരം രംഗങ്ങളിലൊന്നാണ്.

സിനിമകളിൽ കാണുന്നതുപോലെ പുറത്തെ ഗ്രിൽസ് കുത്തിതുറന്നാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീടിനകത്തേക്ക് കടന്നത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി ശബ്ദമുണ്ടാക്കാതെ ഇയാൾ വിഷ്ണുപ്രിയയെ കൊന്നത്. കൈകാലുകളിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ചു. നെഞ്ചിലും മറ്റും കുത്തി പരുക്കേൽപ്പിച്ചു.
കൊല നടത്തുമ്പോൾ ഈയാൾ ലഹരി ഉപയോഗിച്ചിരുന്നുവെന്ന സംശയം പൊലിസിനുണ്ടായിരുന്നുവെങ്കിലും വൈദ്യ പരിശോധനയിൽ ഇല്ലെന്ന് തെളിഞ്ഞു. പിന്നീടാണ് സിനിമയിലെ സീരിയൽ കില്ലർമാരുടെ സ്വാധീനം ഈയാളിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഒരു സംഭവവുമായി ബന്ധപ്പെട്ട് തനിക്ക് പകയുള്ള മുഴുവൻ ആളുകളെയും കൊന്നൊടുക്കുകയെന്നതാണ് കൊറിയൻ സിനിമകളിലെ സിരിയൽ കില്ലർമാരുടെ രീതി. ഇതു തന്നെയാണ് ശ്യാംജിത്തിന്റെയും മനോഭാവം എന്നാൽ ആദ്യ കൊലപാതകത്തോടെ തന്നെ പിടിവീഴുകയായിരുന്നു. പാനൂർ നഗരത്തിലെ ഫാർമസി ജീവനക്കാരിയായ വിഷ്ണുപ്രിയ സൗഹൃദത്തിൽ നിന്നും പിന്മാറിയതാണ് അടങ്ങാത്ത പകയിലേക്കും കൊലപാതകത്തിലേക്കും ഈയാളെ നയിച്ചത്.


വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും ലക്ഷ്യമിട്ടു

ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തതായി പൊലിസ് റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. തന്നിൽ നിന്നും വിഷ്ണു പ്രിയ അകലാൻ കാരണം പൊന്നാനി സ്വദേശിയായ ആൺ സുഹൃത്താണെന്ന് ശ്യാംജിത്ത് വിശ്വസിച്ചിരുന്നു. ഇതാണ് വിഷ്ണുപ്രിയയുടെ കൊലയ്ക്കു ശേഷം ഈയാളെയും ഉന്നമിട്ടത്.കൊലപാതകത്തിന് ശേഷം അറസ്റ്റിലായ പ്രതി ശ്യാംജിത്തിന് തെളിവെടുപ്പിന് എത്തിച്ചപ്പോഴും ചോദ്യം ചെയ്യലിലും യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം ആയുധങ്ങളെല്ലാം ബാഗിലാക്കി മാനന്തേരിയിലേക്ക് വന്ന പ്രതി വീടിന് അടുത്തുള്ള ഒരു കുഴിയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു.


മൂന്നു ദിവസത്തെ ആസൂത്രണം

അരും കൊലയ്ക്ക് മാസങ്ങൾക്കു മുമ്പെ തീരുമാനിച്ചിരുന്നെങ്കിലും ആയുധം വാങ്ങിയതടക്കം മൂന്നു ദിവസമായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് പ്രതി ക്രൂരകൃത്യം നടത്തിയത്.ഒന്നും സംഭവിക്കാത്തതു പോലെ ഇടവഴിയിലുടെ നടന്ന് വള്ള്യായി ടൗണിനടുത്തായി നിർത്തിയിട്ടിരുന്ന അപ്പാച്ചെ ബൈക്കിൽ രക്ഷപ്പെട്ടു . മാനന്തേരിയിലെ വീടിനു സമീപത്തെ കുളത്തിൽ നിന്ന് കുളിച്ചു. വസ്ത്രം മാറിയ ശേഷം ഒന്നുമറിയാത്തതു പോലെ പിതാവിന്റെ ഹോട്ടലിൽ ജോലിക്കെത്തി ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴാണ് പൊലിസ് ജീപ്പെത്തുന്നത്. പൊലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കാതെ നിർവികാരനായി പിതാവ് ശശിധരന്റെ മുൻപിലൂടെ നടന്ന് ജീപ്പിന്റെ പിൻസീറ്റിൽ പോയി ഇരിക്കുകയായിരുന്നു പ്രതി.

Advertisement
Advertisement