മാംഗോ ഫെസ്റ്റിൽ തിരക്കോടു തിരക്ക് മാങ്ങയ്ക്കെന്താ ഡിമാൻഡ്

Friday 10 May 2024 9:38 PM IST

നീലേശ്വരം: കേരള കാർഷിക സർവകലാശാല പടന്നക്കാട് കാർഷിക കോളേജ് സ്റ്റുഡൻസ് യൂണിയൻ നടത്തുന്ന മലബാർ മാംഗോ ഫെസ്റ്റ് മധുരം 2024 ന്റെ രണ്ടാം ദിവസവും ചൂടപ്പം പോലെ വിറ്റുതീർന്ന് മാമ്പഴങ്ങൾ. മുൻ വർഷത്തെ അപേക്ഷിച്ച് വൻജന തിരക്കാണ് ഇത്തവണമേളയിൽ അനുഭവപ്പെട്ടത്. മൽഗോവ,കേസർ, ബംഗനപള്ളി എന്നിവ മേളയിൽ ഏറ്റവും കൂടുതൽ വിറ്റുപോയത്. മാമ്പഴ വില്പനയ്ക്ക് പുറമേ നൂതന കൃഷി രീതികളെ കൂടുതൽ ജനകീയമാക്കിയ എക്സിബിഷനും വിവിധയിനം കാർഷിക വിളകളുടെ തൈ വിൽപ്പനയും മാമ്പഴങ്ങളിൽ നിന്നും തയ്യാറാക്കിയ വിഭവങ്ങളാൽ സമൃദ്ധമായ ഫുഡ് കോർട്ടും മേളയുടെ പ്രധാന ആകർഷകമായി മാറി.

കർഷകർക്ക് മിതമായ നിരക്കിൽ മണ്ണ്,വെള്ളം, വളം പരിശോധനയും കർഷകരുടെ പ്രശ്നം ദൂരീകരിക്കുന്ന അഗ്രോ ക്ലിനിക്കിന്റെ സേവനവും മേളയിൽ സജീവമാണ്. കൂൺ മൂല്യവർദ്ധന വസ്തുക്കളുടെ ഉൽപാദനം എന്ന വിഷയത്തിൽ കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.വി.കൃഷ്ണശ്രീയും ആട് വളർത്തലിൽ കാർഷിക സർവകലാശാല മൃഗസംരക്ഷണവിഭാഗം തലവൻ ഡോ. ടി.ഗിഗ്ഗിനും സെമിനാർ അവതരിപ്പിച്ചു.

ഇന്ന് തേനീച്ച വളർത്തൽ സെമിനാർ

മേളയുടെ മൂന്നാം ദിനമായ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഹോർട്ടികോർപ്പ് അംഗീകൃത തേനീച്ച പരിശീലകൻ ചാർലി തേനീച്ച കൃഷി എന്ന വിഷയത്തിൽ സെമിനാർ നടത്തും. ചെറുതേനീച്ചകളെ പറ്റി കാഞ്ഞാർ റീഗൽ ബി ഗാർഡൻ ബി കീപ്പിംഗ് ട്രെയിനിംഗ് സെൻറർ ഡയറക്ടർ ഡോ. സാജൻ ജോസ് ചെറുതേനീച്ച കൃഷി എന്ന വിഷയത്തിൽ സെമിനാർ നടത്തും.

Advertisement
Advertisement