കാട്ടുപന്നിയുടെ തേറ്റയിൽ കുരുങ്ങി വള്ളികുന്നം

Saturday 11 May 2024 12:23 AM IST

# മനുഷ്യരുടെ നേർക്ക് ഇത് ആദ്യം

വള്ളികുന്നം : കാട്ടുപന്നി ആക്രമണത്തിൽ കൃഷിനാശം വ്യാപകമായ വളളികുന്നത്ത് മനുഷ്യരും ഇരകളായതോടെ നാട് ഭയപ്പാടിലായി. വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിലാണ് കാട്ടുപന്നി സ്വൈരജീവിതത്തിന് ഭീഷണിയായത്. വള്ളികുന്നം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ വെള്ളിയാഴ്ച രാവിലെയാണ് തൊഴിലുറപ്പ് തൊഴിലാളികളുൾപ്പെടെ അഞ്ചുപേർ മിനിട്ടുകളുടെ വ്യത്യാസത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്.

ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നിക്കൂട്ടങ്ങളുടെ ശല്യം തുടങ്ങിയിട്ട് മാസങ്ങളായി. കാഞ്ഞിരത്തിൻമൂട് ,​ കാർത്ത്യായനിപുരം,​ ചിറയ്ക്കൽ,​ പുത്തൻ ചന്ത,​ പള്ളിമുക്ക് ,​ കടുവിനാൽ പ്രദേശങ്ങളിൽ പച്ചക്കറിയും തെങ്ങും വെറ്റിലകൃഷിയുമെല്ലാം കാട്ടുപന്നികൾ ആക്രമിച്ച് നശിപ്പിച്ചിരുന്നു. എന്നാൽ,​ മനുഷ്യരുടെ നേർക്ക് തിരിയുന്നത് ഇത് ആദ്യമായിട്ടാണ്.

കനാലുകൾ തുറന്ന് വിട്ടതിന് പിന്നാലെയാണ് വള്ളികുന്നംപ്രദേശത്ത് കാട്ടുപന്നി ആക്രമണം രൂക്ഷമായത്. ആളൊഴിഞ്ഞ റബ്ബർതോട്ടങ്ങളും പൊന്തക്കാടും കനാൽ തുറന്നതോടെ വെള്ളക്കെട്ടായ പുഞ്ചപ്പാടങ്ങളുമാണ് കാട്ടുപന്നികളുടെ ഒളിയിടങ്ങൾ. സമീപപഞ്ചായത്തായ താമരക്കുളത്ത് ആക്രമണകാരികളായ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം ഷൂട്ടർമാരെ ഉപയോഗിച്ച് വെടിവച്ചിരുന്നു. വള്ളികുന്നത്തും ഗ്രാമപഞ്ചായത്ത് ഇതിന് അനുമതി നേടിയിരുന്നെങ്കിലും കാട്ടുപന്നിയെ കണ്ടെത്താനായില്ല. പടക്കം പൊട്ടിച്ചും മറ്റും ഏറെ നേരം തെരച്ചിൽ നടത്തിയ വനം വകുപ്പ് സംഘം ഉച്ചകഴിഞ്ഞാണ് മടങ്ങിയത്. പന്നിശല്യമുള്ള സ്ഥലങ്ങളിൽ രാത്രിയിൽ വീണ്ടും തെരച്ചിൽ പുനരാരംഭിക്കാനാണ് നീക്കം.

.........................................

നടുക്കം മാറാതെ അജയൻ

മിന്നായംപോലെ തൊട്ടുരുമ്മികടന്നുപോയ കാട്ടുപന്നിക്ക് മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വള്ളികുന്നം ചേന്ദങ്കര കളത്തിൽ വീട്ടിൽ അജയന്റെ കൺമുന്നിലാണ് അയൽവാസിയും ബന്ധുവുമായ ഉദയൻ ആക്രമണത്തിനിരയായത്. വെയിലാകുംമുമ്പ് കൊടിയിൽ വെറ്റ നുള്ളനെത്തിയതാണ് അജയൻ. കൊടിയിലെ പണി ആരംഭിക്കുംമുമ്പാണ് തൊട്ടടുത്ത പറമ്പിൽ നിന്ന് ഒരു കാട്ടുപന്നി അജയനെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പുഞ്ചയിലേക്ക് പാഞ്ഞത്. പന്നിയെ കണ്ട ഭീതിയൊക്കെ മാറി അൽപ്പം കഴിഞ്ഞ് ഏണിചാരി വെറ്റില നുള്ളിക്കൊണ്ടിരിക്കുമ്പോഴാണ് കൺമുന്നിൽ അയൽവാസിയും ബന്ധുവുമായ ഉദയൻ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. മുൻകാലുകൾ ഉദയന്റെ ശരീരത്തേക്ക് കുത്തനെ ഉയർത്തി തള്ളിനിലത്തിട്ട കാട്ടുപന്നി വായ്ഭാഗം കൊണ്ട് നിലത്തിട്ട് ഉരുട്ടുകയായിരുന്നു. ഇതിനിടെ മുഖത്തും ദേഹമാസകലവും ഉരവും ചതവും സംഭവിച്ച ഉദയൻ നിലത്തുകിടന്നും പ്രതിരോധിച്ചതോടെയാണ് പന്നി രക്ഷപ്പെട്ടത്. അജയനും ഉദയന്റെ ഭാര്യയും അയൽവാസികളും ഓടിയെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തൊഴിലുറപ്പ് മേറ്റായ സുനിതയും കാട്ടുപന്നി ആക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Advertisement
Advertisement