യുവതിയുടെ ദുരൂഹ മരണം : കൊലപാതകമെന്ന് പൊലീസ്

Saturday 11 May 2024 1:26 AM IST

കാട്ടാക്കട: മുതിയാവിളയിലെ വാടക വീടിന് സമീപത്തെ പുരയിടത്തിൽ യുവതിയെ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഭർത്താവ് രഞ്ജിത്തിനെ ഇതുവരെ പൊലീസിന് പിടികൂടാനായില്ല. എന്നാൽ ഇയാളുടെ ഓട്ടോ ചൂണ്ടുപലകയ്‌ക്ക് സമീപത്തെ ഹോട്ടലിന് പിറകിലെ പുരയിടത്ത് നിന്ന് പൊലീസ് കണ്ടെത്തി.

പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഹാർവിപുരം ശ്‌മശാനത്തിൽ ഇന്നലെ സംസ്‌കരിച്ചു.
കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതായി കാട്ടാക്കട പൊലീസ് അറിയിച്ചു. രഞ്ജിത്തിനൊപ്പം മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അജ്ഞാതനായ ഒരാൾ ഈ വീട്ടിൽ വന്നുപോകുന്നതായി നാട്ടുകാർ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. ഇയാൾ പേരൂർക്കട ഭാഗത്തുള്ള ആളാണെന്ന് നിഗമനത്തിലാണ് പൊലീസ്.

പ്രതിക്കായ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 9497940835,0471-2290223 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കാട്ടാക്കട ഡിവൈ.എസ്.പി അറിയിച്ചു.

Advertisement
Advertisement