അഞ്ചരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ 

Saturday 11 May 2024 1:29 AM IST

തിരുവല്ല : അഞ്ചരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. തിരുമൂലപുരം അടുമ്പട കോളനിയിൽ കൊങ്ങാപ്പള്ളിയിൽ വീട്ടിൽ ദീപു (26), മഞ്ഞാടി ഉര്യാത്ര വീട്ടിൽ കിരൺവില്യം തോമസ് (21), തൃശൂരിൽ നിന്ന് ട്രെയിൻ മാർഗം ദീപുവും കിരണും എത്തിച്ച കഞ്ചാവ് കാറിൽ തിരുമൂലപുരത്ത് എത്തിക്കുവാൻ സഹായിച്ച തിരുമൂലപുരം അടുമ്പട മറ്റക്കാട്ട് പറമ്പിൽ സെബിൻ സജി (23) എന്നിവരാണ് പിടിയിലായത്. തിരുമൂലപുരം അടുമ്പട കോളനിക്ക് സമീപത്തുനിന്നാണ് ദീപവും കിരണും പൊലീസ് സംഘത്തിന്റെ വലയിലായത്. ദീപുവിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും മൂന്ന് കിലോ കഞ്ചാവും കിരണിന്റെ ബാഗിൽനിന്നും രണ്ടരകിലോ കഞ്ചാവും പിടിച്ചെടുത്തു. ഇവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെബിൻ സജിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കഞ്ചാവ് കൊണ്ടുവന്ന് തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ ഉടനെ കസ്റ്റഡിയിലെടുക്കുമെന്ന് എസ്.എച്ച്.ഒ ബി.കെ സുനിൽകൃഷ്ണൻ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരുവല്ല ഡിവൈ.എസ്.പി. എസ് അഷാദിന്റെ നിർദ്ദേശപ്രകാരം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കസ്റ്റഡിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement