ജില്ലയിൽ ഡ്രൈവിംഗ് ടെസ്റ്റ് അനിശ്ചിതത്വത്തിൽ

Saturday 11 May 2024 1:28 AM IST

ആലപ്പുഴ : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് സംരക്ഷണം നൽകിയിട്ടും ജില്ലയിലൊരിടത്തും ടെസ്റ്റ് നടന്നില്ല. ടെസ്റ്റിനായി അപേക്ഷകർ ഗ്രൗണ്ടുകളിലെത്താത്തതാണ് കാരണം. ഡ്രൈവിംഗ് ടെസ്റ്റിന് സ്കൂളുകളുടെ വാഹനമാണ് പരീക്ഷാർത്ഥികൾ ഉപയോഗിക്കുന്നത്.സി.ഐ.ടി.യു നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമകളൊഴികെ സമരരംഗത്തായതിനാൽ ടെസ്റ്റിൽ പങ്കെടുക്കാൻ അപേക്ഷകർക്ക് വാഹനങ്ങൾ ലഭ്യമാകാത്തതാണ് ടെസ്റ്റ് മുടങ്ങാൻ കാരണം.

ഈ മാസം രണ്ട് മുതലാണ് ഡ്രൈവിംഗ് ടെസ്റ്റിന് പുതിയ സർക്കുലർ നിലവിൽ വന്നത്. എന്നാൽ,​സർക്കുലർ പ്രകാരമുള്ള ഗ്രൗണ്ടുകൾ ജില്ലയിൽ ഒരിടത്തും സജ്ജമായിട്ടില്ല. സർക്കാ‌‌ർ തലത്തിൽ ഗ്രൗണ്ടിനാവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി വക സ്ഥലം ടെസ്റ്റിനായി വിട്ടുകിട്ടാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിൽ മാവേലിക്കരയിലും കുട്ടനാടും കെ.എസ്. ആർ.ടി.സി വക സ്ഥലം ഉപയോഗപ്പെടുത്താൻ ശ്രമം ആരംഭിച്ചെങ്കിലും തിങ്കളാഴ്ചയോടെ മാത്രമേ അന്തിമ തീരുമാനമാകു.

എട്ടും എച്ചും മാത്രമാണ് പരിശീലകർക്കായി ഗ്രൗണ്ടിൽ സജ്ജമാക്കിയത്. കയറ്റത്തിൽ നിർത്താനുള്ള പരീക്ഷ, ചരിച്ചുള്ളപാർക്കിംഗ്, സിഗ് സാഗ് ഡ്രൈവിംഗ് തുടങ്ങി പുതിയ സർക്കുലർ പ്രകാരമുള്ള പരിഷ്കാരങ്ങൾക്ക് ഇനിയും സമയമെടുക്കും.

പൊലീസ് സംരക്ഷണത്തിലും അപേക്ഷകരെത്തിയില്ല

1. സംസ്ഥാനത്ത് ആദ്യമായി മാവേലിക്കരയിൽ ഡ്രൈവിംഗ് സ്കൂളുകാരുടെ സംഘടനയുടെ നേതൃത്വത്തിൽ പുതിയ സർക്കുലർ പ്രകാരമുള്ള ഗ്രൗണ്ട് നിർമ്മാണം ആരംഭിച്ചെങ്കിലും അതും പൂർത്തിയായില്ല. ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് പുതിയ മോഡൽ ഗ്രൗണ്ടിനുള്ള ശ്രമം ആരംഭിച്ചതെങ്കിൽ ജില്ലയിലെ മറ്റ് ജോയിന്റ് ആർ.ടി.ഓഫീസുകളിൽ ഒരിടത്തും സ്ഥലംപോലും ലഭിച്ചിട്ടില്ല.

2. സ്ഥലം കണ്ടെത്തിയാലും ഓഫീസ്, ടോയ്ലെറ്റ് സൗകര്യം, ടെസ്റ്റിനുള്ള സംവിധാനങ്ങൾ എന്നിവ സജ്ജമാക്കാനുള്ള പണം എവിടെനിന്നാണെന്ന കാര്യത്തിൽ വ്യക്തതയില്ല. സർക്കാർ തലത്തിൽ ഇതിനൊക്കെ പരിഹാരം കാണാൻ കാലതാമസമെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. മന്ത്രിയും മുഖ്യമന്ത്രിയുമുൾപ്പെടെ വിദേശ യാത്രകളിലായതിനാൽ ഇക്കാര്യത്തിൽ പിന്നീട് ചർച്ചയുണ്ടായിട്ടില്ല.

3. ഡ്രൈവിംഗ് പരിശീലനത്തിനും ടെസ്റ്റിനും പുതിയ വാഹനങ്ങൾ വേണമെന്നതുൾപ്പെടെ സ്കൂളുകാരെ ബാധിക്കുന്ന നിർദേശങ്ങളും അനവധിയാണ്. പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ മാറ്റുന്ന കാര്യത്തിൽ ആറുമാസത്തെയും ഡാഷ് ബോ‌ഡിൽ ക്യാമറ ഘടിപ്പിക്കുന്നതിൽ മൂന്നുമാസത്തെയും സാവകാശം ലഭിച്ചിട്ടുണ്ടെങ്കിലും ഇതിൽ സ്കൂൾ ഉടമകൾ തൃപ്തരല്ല.

......................

ജില്ലയിലെ എല്ലാ റീജിയണൽ ആർ.ടി ഓഫീസുകളിലും ഡ്രൈവിംഗ് ടെസ്റ്റിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സംരക്ഷണം നൽകാൻ പൊലീസുമെത്തിയെങ്കിലും പരീക്ഷാർത്ഥികൾ എത്താത്ത സാഹചര്യമാണുള്ളത്. സ്വന്തം വാഹനങ്ങളുമായി എത്തിയാൽ ടെസ്റ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാണ്

- എ.കെ ദിലു. ആർ.ടി.ഒ, ആലപ്പുഴ

Advertisement
Advertisement