ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് 40,​000 സിമ്മുകൾ നൽകിയ ക‌ർണാടക സ്വദേശി പിടിയിൽ

Saturday 11 May 2024 1:37 AM IST

മലപ്പുറം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് വിവിധ മൊബൈൽ കമ്പനികളുടെ 40,​000ത്തോളം സിം കാർഡുകൾ എത്തിച്ചു കൊടുത്തയാളെ മലപ്പുറം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. 180ൽപരം ചൈനീസ് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഡൽഹി സ്വദേശിയും കർണാടക ഹരാനഹള്ളിയിലെ താമസക്കാരനുമായ അബ്ദുൽ റോഷനെയാണ് (46)​ കർണാടക മടിക്കേരിയിലെ വാടക ക്വർട്ടേഴ്സിൽ നിന്ന് പിടികൂടിയത്. ഓൺലൈൻ ഷെയർ മാർക്കറ്റ് സൈറ്റിൽ നിക്ഷേപിച്ച 1.08 കോടി രൂപ നഷ്ടപ്പെട്ടെന്ന വേങ്ങര സ്വദേശിയുടെ പരാതിയിലെ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. കർണാടക സ്വദേശിയായ യുവതിയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് വേങ്ങര സ്വദേശിയെ ബന്ധപ്പെട്ടിരുന്നത്. തന്റെ പേരിൽ സിം ആക്ടീവായ വിവരം യുവതി അറിഞ്ഞിരുന്നില്ല. സ്വകാര്യ മൊബൈൽ കമ്പനിയുടെ സിം ഡിസ്ട്രിബ്യൂട്ട‌ർ കൂടിയാണ് പ്രതി. ഈ ബന്ധം ഉപയോഗിച്ച് റീട്ടെയിൽ ഷോപ്പുകാരെ സ്വാധീനിച്ചാണ് മറ്റ് കമ്പനികളുടെ സിമ്മുകൾ കരസ്ഥമാക്കിയത്.

സിം കാർഡെടുക്കാൻ റീട്ടെയിൽ ഷോപ്പിലെത്തുമ്പോൾ കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ തവണ ബയോ മെട്രിക് പ്രസ് ചെയ്യിപ്പിക്കും. ഇത്തരത്തിൽ ആക്ടീവാക്കുന്ന സിം കാർഡുകൾ ഒന്നിന് 50 രൂപ കൊടുത്തു വാങ്ങും. തുടർന്ന് തട്ടിപ്പുകാർക്ക് കൈമാറും. സോഷ്യൽ മീഡിയ,​ വിവിധ വാണിജ്യ പ്ലാറ്റ് ഫോമുകൾ എന്നിവയിൽ വ്യാജ അക്കൗണ്ടുകൾ തുറക്കാൻ ഒ.ടി.പികൾ തട്ടിപ്പുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുന്നതും പ്രതിയുടെ രീതിയാണ്. മറ്റു പ്രതികളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വമ്പൻ റാക്കറ്റാണ് ഇതിനു പിന്നിലെന്നും വാർത്താസമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ പറഞ്ഞു.പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നഷ്ടപ്പെട്ടത് ഒരുകോടി

വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് വഴിയാണ് വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിലെത്തിയത്. കസ്റ്റമർ കെയറെന്ന വ്യാജേന വാട്സാപ്പിൽ യുവാവുമായി ബന്ധപ്പെട്ട് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തു വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 1.08 കോടി രൂപ നിക്ഷേപിപ്പിച്ചു. തട്ടിപ്പ് ബോദ്ധ്യമായതോടെ വേങ്ങര പൊലീസിൽ പരാതി നൽകുകയായിരുന്നു.

Advertisement
Advertisement