ഡ്രൈവർക്ക് മർദ്ദനം: ഗ്യാസ് സിലിണ്ടർ നീക്കം മുടങ്ങി

Saturday 11 May 2024 1:48 AM IST

കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) അമ്പലമുകൾ പ്ലാന്റിൽനിന്ന് ഗ്യാസ് സിലിണ്ടറുകളുമായി പോയ ടാങ്കർലോറി ഡ്രൈവർക്ക് തൃശൂർ കൊടകരയിൽ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ലോറി ഡ്രൈവർമാർ നടത്തിയ പണിമുടക്കിൽ ഒമ്പത് ജില്ലകളിലേക്കുള്ള സിലിണ്ടർനീക്കം മുടങ്ങി. നൂറിലേറെ ലോഡുകൾ തടസപ്പെട്ടു. ശരാശരി 300 സിലിണ്ടറുകൾ ഒരു ലോഡിലുണ്ടാവും.

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് വിതരണം മുടങ്ങിയത്.

പ്രതികളെ പിടികൂടണമെന്നും സുരക്ഷിതമായി ജോലിചെയ്യാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് ബി.എം.എസ്, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്. മർദ്ദനമേറ്റ ഡ്രൈവർ കാലടി സ്വദേശി ശ്രീകുമാർ (42) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് കൊടകരയിലെ ഒരു ഏജൻസിയിൽ സിലിണ്ടർ ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക തൊഴിലാളികളുമായുണ്ടായ തർക്കത്തിനിടെയാണ് മർദ്ദനമേറ്റത്. ലോഡ് ഇറക്കാൻ 20 രൂപ കൂടുതൽ ആവശ്യപ്പെട്ടപ്പോൾ ശ്രീകുമാർ വിസമ്മതിച്ചതാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് എൽ.പി.ജി ആൻഡ് ടാങ്ക് ട്രക്ക് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പറയുന്നു.


''അവശ്യസർവീസ് ആയതിനാൽ രാത്രിയും പകലും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ഡ്രൈവർമാർക്ക് നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ പോലും മർദ്ദനമേൽക്കേണ്ടിവരുന്നു. നടപടിയില്ലെങ്കിൽ സമരം സംസ്ഥാന വ്യാപകമാക്കും.

- എം.സി. ഷിബു, എൽ.പി.ജി ആൻഡ് ടാങ്ക് ട്രക്ക് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു)

Advertisement
Advertisement