അമ്പലക്കടവിലെ സ്വർണ്ണ മോഷണം:  ഇനിയും തുമ്പായില്ല

Saturday 11 May 2024 1:15 AM IST

കാളികാവ്: കാളികാവ് അമ്പലക്കടവിലെ വീട്ടിൽ നിന്ന് 55 പവൻ സ്വർണ്ണം കാണാതായ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. ഒരാഴ്ചയോളമായിട്ടും യാതൊരു തുമ്പുമായിട്ടില്ല. കഴിഞ്ഞമാസം 14ന് വീട്ടിലെ അലമാരയുടെ മുകളിൽ തലയിണക്കുള്ളിലാക്കി സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കാണാതായത്. ഈമാസം നാലാം തിയ്യതിയാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി അറിയുന്നത്. കാളികാവ് അമ്പലക്കടവ് പറച്ചിക്കോടൻ മുസ്തഫയുടെ വീട്ടിൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ കാണാതായത്. മുസ്തഫ വിദേശത്താണ്. സംഭവത്തിനു ശേഷം മൂന്നു പ്രാവശ്യം കാളികാവ് പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.വീട്ടുകാരെ ഓരോരുത്തരെയായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ10 ന് പെരുന്നാളിന് സുലൈഖയുടെ അഞ്ചച്ചവിടിയിലുള്ള വീട്ടിലേക്ക് വിരുന്നു പോയതിനു ശേഷം 14 ന്അമ്പലക്കടവിലുള്ള വീട്ടിലേക്ക് തിരിച്ചു വന്ന ദിവസമാണ് ആഭരണങ്ങൾ അലമാരക്കു മുകളിൽ വച്ചത്. ഈ മാസം നാലിന് വീണ്ടും വീട്ടിലേക്ക് വിരുന്നിന് പോകാൻ ഒരുങ്ങിയപ്പോൾ സ്വർണ്ണമെടുക്കാൻ നോക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത് എന്നാണ് വീട്ടുകാർ പറയുന്നത്.
സംഭവത്തെക്കുറിച്ച് പഴുതടച്ച അന്വേഷണം നടത്തി ദുരൂഹത നീക്കുകയും കുടുംബത്തിന് നഷ്ടമായ സ്വർണ്ണം വീണ്ടെടുക്കാൻ നടപടിയുണ്ടാവണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. തലയിണപൊളിച്ച് ഉള്ളിലാണ് സ്വർണ്ണം ഒളിപ്പിച്ചത്.ശേഷം തലയിണ ഒരു ഉറയിലാക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വർണ്ണം നഷ്ടപ്പെട്ടെങ്കിലും തലയണ അതേസ്ഥലത്തു തന്നെ വെച്ചപോലെ തന്നെ കിടക്കുന്നുണ്ടായിരുന്നു. പുറത്ത് നിന് ആരും വീട്ടിൽ വന്നിട്ടില്ലെന്നും വീട്ടുകാർ പറയുന്നു.സംഭവത്തെ തുടർന് കാളികാവ് സി.ഐ.ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി വിശദമായ പരിശോധന നടത്തി.എന്നാൽ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

Advertisement
Advertisement