കഞ്ചാവ് കടത്ത്; പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവ്

Saturday 11 May 2024 1:02 AM IST

തൊടുപുഴ: ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. രാജമുടി വടക്കേക്കുറ്റ് ഷാജു തോമസ്, കിളിയാർകണ്ടം പടലോടിയിൽ ജോമോൻ ജോസ് എന്നിവരെയാണ് തൊടുപുഴ എൻ ഡി പി എസ് കോടതി ജഡ്ജി കെ എൻ ഹരികുമാർ ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2019 ഏപ്രിൽ 26ന് രാജമുടി ആടുകുഴികവല വഴി ഉപ്പുതോടിനുള്ള റോഡിൽ ഇടുക്കി ബ്ലോക്ക് എംപ്ലാഡ്‌സ് ശിലാഫലകത്തിന് സമീപം നിന്നാണ് പ്രതികൾ പിടിയിലായത്. ഇടുക്കി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ടി എൻ സുധീറിന്റെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്. ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറായിരുന്ന ടി എ അശോക് കുമാർ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി. രാജേഷ് ഹാജരായി.

Advertisement
Advertisement