കേക്കുമായി പെൺകുട്ടിയെ കാണാനെത്തിയ യുവാവിന് മർദ്ദനം,​ പോക്സോ കേസ്

Saturday 11 May 2024 1:11 AM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനമേറ്റു. കൊല്ലം തേവലക്കരയിൽ ചൊവ്വാഴ്ചയാണ് സംഭവം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് (22) പരിക്കേറ്റത്. വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ ഇയാൾക്കെതിരെ കൊല്ലം തെക്കുംഭാഗം പൊലീസ് പോക്‌സോ കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെ കെട്ടിത്തൂക്കിയിട്ട് തുണിയിൽ തേങ്ങ കെട്ടി അടിക്കുകയും തീപ്പെട്ടി ഉരച്ച് ചെവിയിൽ വയ്ക്കുകയും ചെയ്തതായി നഹാസ് പറയുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ മുഹമ്മദ് നഹാസ് സ്ഥിരമായി ശല്യം ചെയ്യുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ശല്യം കൂടിവന്നതോടെ പെൺകുട്ടിയെ രക്ഷിതാക്കൾ തേവലക്കരയിലെ ബന്ധുവീട്ടിലേക്ക് മാറ്റി. കേക്കുമായി വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ തടഞ്ഞുവച്ച് മർദ്ദിക്കുകയായിരുന്നത്രേ. ശരീരത്ത് അടിയേറ്റ പാടുകളുണ്ട്. പൊലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്. നഹാസ് ആശുപത്രിയിൽ ചികിത്സയിലാണ്‌

Advertisement
Advertisement