ഉദ്ധവ് താക്കറെയ്‌ക്കെതിരെ മോദി: 'തന്നെ ജീവനോടെ കുഴിച്ചുമൂടാൻ സേന ആഗ്രഹിക്കുന്നു"

Saturday 11 May 2024 1:17 AM IST

ന്യൂഡൽഹി: ന്യൂനപക്ഷ വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാൻ തന്നെ ജീവനോടെ കുഴിച്ചുമൂടാൻ ഉദ്ധവ് താക്കറെയുടെ ശിവസേന ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചെറു പാർട്ടികൾ കോൺഗ്രസിൽ ലയിക്കുമെന്ന എൻ.സി.പി നേതാവ് ശരദ് പവാറിന്റെ പ്രസ്‌താവനയും വടക്കൻ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ആയുധമാക്കി.

അവർ എന്നെ അധിക്ഷേപിക്കുന്നു, അത് അവരുടെ പ്രിയപ്പെട്ട വോട്ട് ബാങ്കിന് ഇഷ്ടപ്പെടും. ഇങ്ങനെയും വെറുപ്പുണ്ടാകുമോ എന്നും മോദി ചോദിച്ചു. ഗുജറാത്തിൽ നിന്ന് വന്ന മുഗൾ ചക്രവർത്തി ഔറംഗസേബ് ചെയ്‌തതു പോലെ മഹാരാഷ്ട്രയിൽ മോദിയെ സംസ്‌കരിക്കുമെന്ന ഉദ്ധവ്പക്ഷ നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്‌താവനയാണ് മോദിയുടെ ആരോപണത്തിന് ആധാരം.

കോൺഗ്രസ് പ്രകടന പത്രികയെ വിമർശിച്ച മോദി മതം നോക്കി ആനുകൂല്യങ്ങൾ നൽകുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരാണെന്നും പറഞ്ഞു. മോദി ജീവിച്ചിരിക്കുന്നിടത്തോളം കാലം ദളിതർക്കും ആദിവാസികൾക്കും ഒ.ബി.സികൾക്കുമുള്ള സംവരണം മുസ്ലീങ്ങൾക്ക് നൽകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 'ഉദ്ധവും പവാറും ഡ്യൂപ്ളിക്കേറ്റ്"

ഉദ്ധവിന്റെ ശിവസേനയും ശരദ് പവാറിന്റെ എൻ.സി.പിയും ഡ്യൂപ്ളിക്കേറ്റാണെന്നും അവർ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചെന്നും മോദി പറഞ്ഞു. അതിനാൽ ജനം ബി.ജെ.പിക്കൊപ്പമുള്ള അജിത് പവാറിനും ഏകനാഥ് ഷിൻഡെയ്ക്കുമൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
Advertisement