ഫാൻ കറക്കി ജനത്തെ കൈയിലെടുത്ത് ജഗൻ

Saturday 11 May 2024 1:26 AM IST

പ്രസംഗം കഴിയാറായപ്പോൾ മുന്നിൽ അലതല്ലിയ ജനസാഗരത്തോട് വൈ.എസ്.ആർ കോൺഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി ചോദിച്ചു 'മന ചിന്നം ഏമണ്ടി?..."" (നമ്മുടെ ചിഹ്നം എന്താ ?). ആവേശത്തോടെ അവർ വിളിച്ചുപറഞ്ഞു, 'ഫാൻ, ഫാൻ". ഉടൻ പ്രചാരണ വാഹനത്തിന് മുകളിൽ നിന്ന് ജഗൻ ഫാൻ ഉയർത്തിക്കാട്ടി. വൈ.എസ്.ആർ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ഫാൻ. 'മറിച്ചുപോവത്തു..."" (മറക്കരുതേ) എന്ന് നീട്ടിപ്പറഞ്ഞാണ് ജഗൻ പ്രസംഗം അവസാനിപ്പിച്ചത്.

സമയം ഉച്ചയ്‌ക്ക് 2.30 കഴിഞ്ഞു. 'സിംഹം സിദ്ധമൈ കരിരിലിദ്രാ..." (സിംഹം കുതിക്കാൻ തയ്യാറെടുക്കുന്നു) എന്ന ഗാനം ഉച്ചത്തിലായി. പ്രചാരണത്തിനു 3.34ന് ജഗൻ എത്തുമെന്നാണ് അറിയിപ്പ്. നീല, പച്ച, വെള്ള നിറമുള്ള പാർട്ടികൊടികളുമായി രാജംപേട്ടിലെ വീഥിയിലേക്ക് യുവാക്കളുടെ ഒഴുക്ക്. തിരുപ്പതിയിൽ നിന്ന് 89 കിലോമീറ്റർ തെക്ക് മാറിയുള്ള ചെറിയ പട്ടണത്തിലെ നാലു റോഡുകൾ 2.30ന് ബാരിക്കേഡുകൾ വച്ച് പൊലീസടച്ചു. നാലു റോഡിൽ നിന്നും സ്ത്രീകൾ കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തിന്റെ ഒഴുക്ക്. ജഗന്റെയും ഫാനിന്റെയും ചിത്രം പതിച്ച പാർട്ടി കൊടികൾ വാഹനങ്ങളിലെത്തിച്ച് പ്രവർത്തകർക്ക് നൽകുന്നുണ്ട്.

വൈകിട്ട് 4.36, ജഗനായി തയ്യാറാക്കിയ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള ബസ് ജനക്കൂട്ടത്തെ വകഞ്ഞു മാറ്റിയെത്തി. വാഹനത്തിന്റെ മുകളിലെത്തി നാലുവശത്തേക്കും ജഗൻ കൈകൂപ്പി. ജഗനെ കാണാൻ ട്രാഫിക് ഐലൻഡിനു മുകളിൽ കയറിയ പ്രവർത്തകരെ പൊലീസ് ലാത്തിക്കടിച്ച് താഴെയിറക്കി. സ്വാഗതവും അദ്ധ്യക്ഷ പ്രസംഗവും ഒന്നുമില്ല. ജഗൻ മാത്രം പ്രസംഗിക്കും.

നായിഡു നുണയൻ, ചതിയൻ

അധികാരത്തിൽ വരാൻ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു നുണകൾ പറയുമെന്ന് ജഗൻ പറഞ്ഞു. നായിഡുവിന്റെ ചതി വ്യക്തമാക്കുന്നതാണ് 2014ൽ ഓരോ വീട്ടിലുമെത്തിച്ച പ്രകടനപത്രിക. എല്ലാ പദ്ധതികളും ജഗനുണ്ടെങ്കിലേ വീട്ടിൽ വരൂ. ഇതാണ് മിക്ക പ്രസംഗത്തിന്റെയും ചുരുക്കും. 'എൻ.ഡി.എ മുസ്ലിങ്ങളുടെ സംവരണം ഇല്ലാതാക്കുമെന്നു പറയുന്നു. എന്നാൽ ആന്ധ്രയിൽ മുസ്ലിങ്ങൾക്കുള്ള നാലുശതമാനം സംവരണം വൈ.എസ്.ആർ.സി.പി സർക്കാർ തുടരും" - മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജഗന്റെ പ്രസംഗം ഇങ്ങനെയാണ്. പ്രസംഗ അവസാനിപ്പിച്ചപ്പോൾ രാജംപെട്ടിലെ സ്ഥാനാർത്ഥി അമർനാഥ് റെഡ്ഡി എന്തോ ജഗനോട് ആഭ്യർത്ഥിച്ചു. ഉടൻ ജഗൻ ജനത്തോടു പറഞ്ഞു. 'മെഡിക്കൽ കോളേജ് വേണമെന്നും പ്രദേശത്തിന് ജില്ലാ പദവി വേണമെന്നുമാണ് നിങ്ങളുടെ സ്ഥാനാർത്ഥി പറയുന്നത്. അതുണ്ടാകും"- ജഗൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വാഗ്ദാനമാണിതെന് പ്രദേശവാസികൾ പറഞ്ഞു.

Advertisement
Advertisement