പാകിസ്ഥാനെ പേടിക്കണമെന്ന് മണിശങ്കർ: ആയുധമാക്കി ബി.ജെ.പി

Saturday 11 May 2024 1:28 AM IST

ന്യൂഡൽഹി: പാകിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തണമെന്നും അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യരുടെ അഭിമുഖം ആയുധമാക്കി ബി.ജെ.പി. പാകിസ്ഥാനെ പേടിച്ച പഴയ കോൺഗ്രസ് മാനസികാവസ്ഥയാണ് പ്രസ്‌താവനയിൽ തെളിയുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

പാകിസ്ഥാന്റെ കൈവശം ആറ്റം ബോംബുള്ളതിനാൽ ഇന്ത്യ ബഹുമാനിക്കണമെന്നാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ പുറത്തുവന്ന അഭിമുഖത്തിൽ മണി ശങ്കർ പറഞ്ഞത്. ബഹുമാനിച്ചില്ലെങ്കിൽ അവർ ഇന്ത്യക്കെതിരെ ആറ്റം ബോംബ് പ്രയോഗിച്ചേക്കാം. ചർച്ച നടത്തുന്നതിന് പകരം സൈനിക ശക്തി കാട്ടി വെല്ലുവിളിക്കുകയാണ് ഇന്ത്യ. ഇത് പിരിമുറുക്കം വർദ്ധിപ്പിക്കുന്നു. ഒരു 'ഭ്രാന്തൻ" ഇന്ത്യയിൽ ബോംബിടാൻ തീരുമാനിച്ചാൽ എന്ത് സംഭവിക്കും. ബോംബ് നമുക്കുമുണ്ട്. അത് ഒരു 'ഭ്രാന്തൻ" ലാഹോറിൽ ഇട്ടാൽ, റേഡിയേഷൻ എട്ട് സെക്കൻഡിൽ അമൃത്സറിലെത്തും"-മണി ശങ്കർ പറഞ്ഞു.

 കോൺഗ്രസ് പാകിസ്ഥാന് കുറിപ്പെഴുതി

കോൺഗ്രസ് ഭരണകാലത്ത്, ഭീകര പ്രവർത്തനത്തിനെതിെര പാകിസ്ഥാന് കുറിപ്പ് കൈമാറുന്നതിനെ കുറിച്ചായിരുന്നു വാർത്താ തലക്കെട്ടുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ഇന്ന് ഇന്ത്യ ഭീകരരെ അവരുടെ തട്ടകത്തിൽ ഉന്മൂലനം ചെയ്യുന്നു. ഇന്നത്തേത് ഭയമില്ലാത്ത പുതിയ ഇന്ത്യയാണെന്നും മോദി പറഞ്ഞു. മണി ശങ്കറിന്റെ അഭിപ്രായം കോൺഗ്രസ് പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി വക്താവുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസിന്റെ ഈ പ്രത്യയശാസ്ത്രം രാഹുലിലും ദൃശ്യമാണ്.

 പഴയ വീഡിയോ ആണെന്ന് കോൺഗ്രസ്

അതേസമയം മണിശങ്കർ അയ്യരുടെ പ്രസ്താവന കോൺഗ്രസ് തള്ളി. അയ്യരുടെ പ്രസ്‌താവന പാർട്ടിയുടെ നിലപാടല്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഢിത്തങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അയ്യരുടെ പഴയൊരു അഭിമുഖം ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും ഖേര പറഞ്ഞു. പുറത്തു വന്നത് പഴയ വീഡിയോയാണെന്നും മണി ശങ്കർ അയ്യർക്ക് പാർട്ടി നേതൃത്വവുമായി ബന്ധമില്ലെന്നും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.

Advertisement
Advertisement