ഡൽഹിയിലെ സ്ഥാനാർത്ഥികളിൽ കനയ്യകുമാർ വിദ്യാസമ്പന്നൻ

Saturday 11 May 2024 1:28 AM IST

ന്യൂഡൽഹി: ഡൽഹിയിലെ ലോക്സഭാ സ്ഥാനാർത്ഥികളിൽ വിദ്യാ സമ്പന്നൻ കോൺഗ്രസ് നേതാവ് കനയ്യകുമാർ. എം.ഫില്ലും ഡി.ഫില്ലും പൂർത്തിയാക്കിയ കനയ്യകുമാർ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെ.എൻ.യു) വിദ്യാർത്ഥിയായിരുന്നു. ജെ.എൻ.യുവിലെ സമരങ്ങളിലൂടെ ഉയർന്നുവന്ന നേതാവാണ് കനയ്യ. സി.പി.ഐ നേതാവായിരുന്ന കനയ്യ മൂന്ന് വർഷം മുമ്പാണ് കോൺഗ്രസിലെത്തിയത്. കനയ്യക്ക് 10.72 ലക്ഷം രൂപയുടെ സ്വത്തുമുണ്ട്.

എ.എ.പിയുടെ രണ്ട് സ്ഥാനാർത്ഥികൾക്ക് പതിനൊന്നാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. വെസ്റ്റ് ഡൽഹിയിലെ സ്ഥാനാർത്ഥി മഹാബൽ, സൗത്ത് ഡൽഹിയിൽ മത്സരിക്കുന്ന സാഹി റാം എന്നിവർക്കാണ് പതിനൊന്നാം ക്ലാസ് വിദ്യാഭ്യാസമുള്ളത്. എന്നാൽ സമ്പത്തിന്റെ കാര്യത്തിൽ മഹാബൽ മിശ്ര മൂന്നാം സ്ഥാനത്താണ്. 19.93 കോടിയുടെ സ്വത്തുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രികയിലുള്ളത്. ഒപ്പം 34.80 കോടിയുടെ ജംഗമ സ്വത്തുക്കളും ഒരു കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഇദ്ദേഹത്തിനുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിൽ നിന്നുള്ള മനോജ് തിവാരിയാണ് ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി.

എ.എ.പിയുടെ സോമനാഥ് ഭാരതി ​ഡൽഹി ഐ.ഐ.ടിയിൽ നിന്ന് എം.എസ്‌സിയും,​ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

25നാണ് ഡൽഹിയിലെ ഏഴ് ലോക്സഭ സീറ്റുകളിലേക്ക് വോട്ടെടുപ്പ്. ഏഴ് സീറ്റുകളിലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളുണ്ട്. എ.എ.പിയും കോൺഗ്രസും സഖ്യത്തിലാണ്. നാലു സീറ്റിൽ എ.എ.പിയും മൂന്നെണ്ണത്തിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്.

Advertisement
Advertisement