ഡോക്ടർമാരിലെ ആത്മഹത്യാപ്രവണത പരിഹരിക്കാൻ ഐ.എം.എ ആപ്

Saturday 11 May 2024 12:53 AM IST

തൃശൂർ: ഒരു വർഷത്തിനിടെ വിദ്യാർത്ഥികളടക്കം ഇരുപതിലധികം ഡോക്ടർമാർ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മെഡിക്കൽ സമൂഹം നേരിടുന്ന സമ്മർദ്ദം കുറയ്ക്കുകയാണ് ആത്മഹത്യപ്രവണതയെ ചെറുക്കാനുള്ള ആദ്യ പടി എന്നാണ് വിലയിരുത്തൽ. ഇതിനായി ഐ.എം.എ ഹെൽപിംഗ് ഹാൻഡ്‌സ് എന്ന പേരിൽ പ്രത്യേക ആപും സൗജന്യ ടെലി കൗൺസലിംഗും ഏർപ്പെടുത്തി.
ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കുമാണ് ഇതിന്റെ സേവനം ലഭിക്കുക. രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെ വിളിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. വിളിക്കുന്നയാൾ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. കാൾ ഒരിടത്തും റെക്കാഡ് ചെയ്യില്ല. ബുക്കിംഗ് ആവശ്യമില്ല. തൊഴിൽ, വിദ്യാഭ്യാസ, കുടുംബ പ്രശ്‌നങ്ങളിൽ വൈകാരിക പിന്തുണ നൽകും. ഇതിനിടെ ആത്മഹത്യാപ്രവണതയുമായി നിരവധി കാളുകൾ പുലർച്ചെ രണ്ടും മൂന്നും മണിക്ക് ഉൾപ്പെടെ ലഭിച്ചതായി ഐ.എം.എ ഭാരവാഹികൾ പറഞ്ഞു.

ഡോക്ടർക്കും രോഗിയാവാം

തൊഴിലിൽ പ്രശ്‌നമുണ്ടാകുമെന്ന് ഭയന്ന് ഭൂരിഭാഗം ഡോക്ടർമാരും മാനസിക പ്രശ്‌നം തുറന്നുപറയാറില്ല. ഈ പ്രവണത മാറ്റുന്നതിനായി മെഡിക്കൽ കോളേജുകളിലെ മനോരോഗ വിഭാഗവുമായി ബന്ധപ്പെട്ടും ഐ.എം.എയുടെ കീഴ് ഘടകങ്ങൾ വഴിയും കൗൺസലിംഗ് ഊർജ്ജിതപ്പെടുത്തും. ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കുമായി ആത്മഹത്യാ പ്രതിരോധത്തെപ്പറ്റി മൂന്നു മിനിറ്റ് വീഡിയോയും ഇതിനായി തയ്യാറാക്കി. വിവരങ്ങൾക്ക് ഫോൺ: 8136996048.

പ്രശ്നങ്ങൾ പലവിധം

1. മെഡിക്കൽ വിദ്യാർത്ഥികളിൽ

പഠനഭാരം, പ്രണയനൈരാശ്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ

2. സീനിയർ ഡോക്ടർമാരിൽ

കൂടുതൽ സമയം, കൂടുതൽ അളവിൽ ജോലി

മാനസികപ്രശ്നങ്ങൾ

കുടുംബ പ്രശ്‌നങ്ങൾ

നിലവിൽ 1500 ഡോക്ടർമാർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കൂടുതൽ പേരിലേക്കെത്തിക്കാനാണ് ശ്രമം.

ഡോ.പി.എൻ.സുരേഷ്‌കുമാർ
കൺവീനർ, ആത്മഹത്യാ പ്രതിരോധ കമ്മിറ്റി.

Advertisement
Advertisement