ധഭോൽക്കർ വധം: രണ്ട് പ്രതികൾക്ക് ജീവപര്യന്തം  3 പേരെ വെറുതെവിട്ടു

Saturday 11 May 2024 1:33 AM IST

പൂനെ: അന്ധവിശ്വാസത്തിനും ആൾദൈവങ്ങൾക്കും എതിരെ പോരാടിയ മഹാരാഷ്‌ട്രയിലെ സാമൂഹ്യപ്രവർത്തകനും യുക്തിവാദിയും ഡോക്‌ടറുമായിരുന്ന നരേന്ദ്ര ധഭോൽക്കറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും അഞ്ച്ലക്ഷം രൂപ വീതം പിഴയും. മൂന്നു പ്രതികളെ വെറുതെവിട്ടു. പ്രതികളെല്ലാം ഹിന്ദു സംഘടനയായ സനാതൻ സൻസ്ഥയുടെ പ്രവർത്തകരാണ്. പൂനെയിലെ ഭീകര വിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചത്.

കുറ്റക്കാരായി കണ്ടെത്തിയ സച്ചിൻ അന്ദുരെ, ശരദ് കലാസ്‌കർ എന്നിവർക്കാണ് ജീവപര്യന്തവും പിഴയും. ഇവർക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞെന്ന് അഡിഷണൽ സെഷൻസ് ജഡ്‌ജി പി.പി ജാദവ് പറഞ്ഞു. മൂന്ന് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി. ഡോ. വിരേന്ദ്രസിംഗ് തവാഡെ, വിക്രം ഭാവെ, അഡ്വ. സഞ്ജീവ് പുനലേകർ എന്നിവരെയാണ് വെറുതെവിട്ടത്. കൊല നടത്താനുള്ള ഗൂഢ ഉദ്ദേശ്യത്തിന് തവാഡെയ്ക്കെതിരെ തെളിവും മറ്റ് രണ്ട് പേർക്കുമെതിരെ ന്യായമായ സംശയങ്ങളും ഉണ്ടെങ്കിലും പ്രോസിക്യൂഷന് അത് സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് വെറുതേ വിട്ടത്. കൊലപാതകത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾ തവാഡെയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

അന്ധവിശ്വാസം ഉന്മൂലനം ചെയ്യാൻ പോരാടുന്ന മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ സ്ഥാപകനായ ധഭോൽക്കറെ 2013ൽ പ്രഭാതനടത്തത്തിനിടെ ബൈക്കിലെത്തിയ അന്ദൂരെയും കലാസ്കറും വെടിവച്ച് കൊല്ലുകയായിരുന്നു. ഇവരാണ് കൊല നടത്തിയതെന്ന് സംശയാതീതമായി തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

പൂനെ പൊലീസാണ് ആദ്യം അന്വേഷിച്ചത്. 2014ൽ ബോംബെ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സി.ബി.ഐ കേസ് ഏറ്റെടുത്തു. 2016 - 2019 കാലയളവിൽ

അറസ്റ്റിലായ പ്രതികൾക്കെതിരെ യു. എ. പി. എ നിയമത്തിലെ ഭീകര വിരുദ്ധ വകുപ്പ് ഉൾപ്പെടെ ചുമത്തിയിരുന്നു. ധാഭോൽക്കറെ പിന്തുടരുന്നവരുടെ മനസിൽ ഭീതിപടർത്താനാണ് അദ്ദേഹത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

ധാഭോൽക്കറും അദ്ദേഹത്തിന്റെ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയും നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഫലമായാണ് അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന ക്രൂരതകൾക്കും തട്ടിപ്പുകൾക്കുമെതിരെ മഹാരാഷ്ട്ര സർക്കാർ നിയമം കൊണ്ടുവന്നത്. അദ്ദേഹം കൊല്ലപ്പെട്ടതിന് ശേഷമാണ് നിയമം കൊണ്ടുവന്നത്.

നരേന്ദ്ര ധഭോൽക്കർ ( 1945 - 2013)​

 12 വർഷം ഡോക്ടറായി സേവനമനുഷ്ഠിച്ചു.

1980കളിൽ സാമൂഹിക പ്രവർത്തനത്തിലേക്ക്

 അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടി

 1989ൽ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപിച്ചു

 ആൾദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും വിമർശിച്ചു

 ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു

അന്ധവിശ്വാസ വിരുദ്ധ നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ടു

 നിയമം ഹിന്ദു സംസ്‌കാരത്തിന് വിരുദ്ധമാകുമെന്ന് ആരോപിച്ച് എതിർപ്പുയർന്നു

 2013 ഓഗസ്റ്റ് 20ന് വെടിവച്ചുകൊന്നു

 രാജ്യമൊട്ടാകെ പ്രതിഷേധം

 പിന്നാലെ അന്ധവിശ്വാസ വിരുദ്ധ ഓർഡിനൻസ്.

Advertisement
Advertisement