പ്രജ്വലിനെതിരെ പരാതി നൽകാൻ സ്ത്രീയെ നിർബന്ധിച്ചു: വനിതാ കമ്മിഷൻ

Saturday 11 May 2024 1:38 AM IST

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകൾ നേരിടുന്ന ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പരാതി കൊടുക്കാൻ സ്ത്രീയെ നിർബന്ധിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ദേശീയ വനിതാ കമ്മിഷൻ.

കർണാടക പൊലീസെന്ന പേരിൽ തന്നെ സമീപിച്ച മൂന്ന് പേർക്കെതിരെ പരാതി നൽകാൻ ഒരു സ്ത്രീ കമ്മിഷനെ സമീപിച്ചതായാണ് വെളിപ്പെടുത്തൽ. പരാതി നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത നമ്പറുകളിൽനിന്ന് നിരവധി കാളുകൾ വന്നതായും അവർ പരാതിപ്പെട്ടു. പരാതി നൽകാൻ സ്ത്രീയെ നിർബന്ധിച്ചതായി വ്യക്തമായിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ പറഞ്ഞു. പരാതി നൽകിയ സ്ത്രീക്ക് സംരക്ഷണം നൽകാൻ വനിതാ കമ്മിഷൻ ഡി.ജി.പിയോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കേസിൽ പ്രജ്വലിനെതിരെ പരാതി നൽകിയ മൂന്ന് പേരിൽ ഈ സ്ത്രീ ഉൾപ്പെട്ടിട്ടില്ല.

പ്രജ്വലിനെതിരെ 700ഓളം സ്ത്രീകൾ പരാതി നൽകിയെന്ന റിപ്പോർട്ടുകൾ കമ്മിഷൻ നിഷേധിച്ചു.

നിലവിൽ മൂന്ന് കേസുകളാണ് ലൈംഗികാതിക്രമ കേസിൽ പ്രജ്വലിന് എതിരേയുള്ളത്. പ്രജ്വലിന്റെ വീട്ടിൽ ജോലിചെയ്തിരുന്ന സ്ത്രീയാണ് ആദ്യം രംഗത്തെത്തിയത്. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡന പരാതി നൽകിയത്. ആദ്യ പരാതി ഹോളനരസിപൂർ ടൗൺ പൊലീസ് സ്റ്റേഷനിലും രണ്ടാമത്തേത് ബംഗളൂരുവിലെ പൊലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തത്. തോക്ക് ചൂണ്ടി പ്രജ്വൽ തന്നെ മാനഭംഗപ്പെടുത്തിയെന്ന 44കാരിയുടെ പരാതിയാണ് രണ്ടാമത്തേത്. ചൂഷണം ചെയ്ത വിവരം പുറത്തു പറയാതിരിക്കാൻ തട്ടിക്കൊണ്ടു പോയതിന് രേവണ്ണയ്‌ക്കെതിരെയും കേസുണ്ട്.

Advertisement
Advertisement