കോളേജുകളിൽ നൈപുണ്യവികസന കേന്ദ്രം വാഴ്സിറ്റികളിൽ ഏകീകൃത അക്കാഡമിക് കലണ്ടർ

Saturday 11 May 2024 2:01 AM IST

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിന്റെ ഭാഗമായി സർവകലാശാലകൾക്ക് ഏകീകൃത അക്കാഡമിക് കലണ്ടർ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമാണിത്. എല്ലാ കോളേജുകളിലും നൈപുണ്യ വികസന കേന്ദ്രങ്ങളുണ്ടാവും. വ്യവസായബന്ധിതമായ നൈപുണ്യവികസന ഹ്രസ്വകാല കോഴ്സുകൾ തുടങ്ങും. നാലുവർഷ ബിരുദത്തിന്റെ മൈനർ കോഴ്സിന് പകരം ഇവയിലെ ക്രെഡിറ്റ് പരിഗണിക്കും. പൊതുജനങ്ങൾക്കും നൈപുണ്യവികസനവും തൊഴിൽപരിശീലനവും ലഭ്യമാക്കും.

അക്കാഡമിക് കലണ്ടർ പ്രകാരം എല്ലാ വാഴ്സിറ്റികളിലും പ്ലസ്ടു ഫലം വന്ന് ഒരാഴ്ചയ്ക്കകം നാലുവർഷ ബിരുദത്തിന് വിജ്ഞാപനമിറക്കും. ഇക്കൊല്ലം ജൂൺ ഏഴ് വരെ അപേക്ഷിക്കാം. ജൂൺ 15നകം റാങ്ക് പട്ടിക. ജൂൺ22ന് ആദ്യ അലോട്ട്മെന്റ്. ജൂൺ29ന് രണ്ടാം അലോട്ട്മെന്റ്. ജൂലായ് ഒന്നിന് ക്ലാസ് തുടങ്ങും. ജൂലായ് അഞ്ചിനകം മൂന്നാം അലോട്ട്മെന്റ്. മുൻപ് അപേക്ഷിക്കാത്തവർക്ക് ജൂലായ് 8മുതൽ 15വരെ അപേക്ഷിക്കാം. ജൂലായ്22നകം നാലാം അലോട്ട്മെന്റ്. സ്പോട്ട് അലോട്ട്മെന്റുകൾക്ക് ശേഷം ആഗസ്റ്റ് 24ന് പ്രവേശനം പൂർത്തിയാക്കും. ആവശ്യമെങ്കിൽ വാഴ്സിറ്റികൾക്ക് സെപ്തംബർ 13വരെ പ്രവേശനം നീട്ടാം.

ആഗസ്റ്റ് 31വരെയാണ് കോഴ്സ് രജിസ്ട്രേഷൻ. സെപ്തംബർ 30നകം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്. പരീക്ഷാ രജിസ്ട്രേഷൻ സെപ്തംബർ മുപ്പതിനകം. ആദ്യ സെമസ്റ്റർ പരീക്ഷാ ടൈംടേബിൾ ഒക്ടോബർ 15നകം. നവംബർ 5നകം ആദ്യസെമസ്റ്റർ തീർക്കണം. ഇന്റേണൽ മാർക്ക് നവംബർ എട്ടിനകം. നവംബർ ആറുമുതൽ 22വരെ ഒന്നാം സെമസ്റ്റർ പരീക്ഷ. ഡിസംബർ 23നകം ഫലം പ്രഖ്യാപിക്കണം.

രണ്ടാംസെമസ്റ്റർ ഡിസംബർ രണ്ടിന് തുടങ്ങും. ഡിസംബർ 21നകം കോളേജ്, വാഴ്സിറ്റി കായികമേളയും 2025ജനുവരി 31നകം കലാമേളകളും പൂർത്തിയാക്കണം. അന്തർസംസ്ഥാന മേളകൾ ഫെബ്രുവരി 28നകം തീർക്കണം. രണ്ടാംസെമസ്റ്റർ മാർച്ച് 28ന് പൂർത്തിയാക്കണം. ഏപ്രിൽ രണ്ടുമുതൽ 15വരെ രണ്ടാം സെമസ്റ്റർ പരീക്ഷ. മേയ് 15നകം ഫലം പ്രസിദ്ധീകരിക്കണം. ജൂൺ മുതൽ ഒക്ടോബർ വരെ 3, 5, 7 സെമസ്റ്ററുകൾ. നവംബർ മുതൽ മാർച്ച് വരെ 4, 6, 8 സെമസ്റ്ററുകൾ. പ്രാദേശിക അവധികൾ, പ്രകൃതിക്ഷോഭം എന്നിവ കാരണം അദ്ധ്യയനം മുടങ്ങിയാൽ വാഴ്സിറ്റികൾക്ക് പരിഹാര നടപടികളെടുക്കാം. നിലവിലെ ത്രിവത്സര കോഴ്സുകളുടെ അക്കാഡമിക് കലണ്ടർ വാഴ്സിറ്റികൾ പ്രസിദ്ധീകരിക്കും.

Advertisement
Advertisement