അന്യഗ്രഹ ജീവി ഭൂമിയിലെത്തി ? വൈറൽ വീഡിയോ വ്യാജമല്ല !

Saturday 11 May 2024 9:24 AM IST

ന്യൂയോർക്ക് : അന്യഗ്രഹ ജീവികളുണ്ടോ ? പലരുടെയും സംശയമാണിത്. കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും നിറഞ്ഞ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ മനുഷ്യരെ പോലെ ജീവികളുള്ള ഒരു ഗ്രഹമെങ്കിലും കാണുമെന്നാണ് പലരുടെയും വിശ്വാസം. അങ്ങനെയെങ്കിൽ അവർക്ക് ഭൂമിയിലെ മനുഷ്യരെ പറ്റി അറിയാമായിരിക്കുമോ ? ഭൂമിയിലേക്ക് വരാൻ അവർ ശ്രമിച്ചിട്ടുണ്ടാകുമോ ? ഏതായാലും അന്യഗ്രഹ ജീവികളുടെ നിലനിൽപ്പ് സംബന്ധിച്ച തെളിവുകളൊന്നും ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. എന്നാൽ അവയെ കണ്ടെന്നും ഭൂമിയിലെത്തിയെന്നുമുള്ള കഥകൾ ധാരാളമാണ്. അത്തരത്തിൽ അന്യഗ്രഹ ജീവികളെയും അവ സഞ്ചരിച്ച അജ്ഞാത പേടകത്തെയും കണ്ടതായുള്ള ഒരു വീഡിയോ കഴിഞ്ഞ വർഷം വൈറലായിരുന്നു. യു.എസിലെ ലാസ് വേഗാസിൽ നിന്നുള്ള ഒരു കുടുംബമാണ് വീഡിയോ പകർത്തിയത്. ഇപ്പോഴിതാ, ആ വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതെല്ലെന്ന് ഉറച്ചു പറയുകയാണ് ഒരു കൂട്ടം വിദഗ്ദ്ധർ.

 സംഭവിച്ചത്

കഴിഞ്ഞ വർഷം ഏപ്രിൽ 30നും മേയ് 1നും ഇടയിൽ രാത്രി 11.50ഓടെയായിരുന്നു സംഭവം. ആകാശത്ത് പച്ചനിറത്തിലെ വെളിച്ചം കണ്ടു. വൈകാതെ വീടിന്റെ പിറക് വശത്ത് എന്തോ പതിക്കുന്നതും കണ്ടു. പരിശോധിക്കുന്നതിനിടെ വേലിക്കെട്ടുകൾക്ക് സമീപം ഒരു വിചിത്ര രൂപം കണ്ടു. നീണ്ടു മെലിഞ്ഞ ആ രൂപത്തിന് ഗ്രേ - കലർന്ന പച്ചനിറമായിരുന്നെന്നും ഏകദേശം 8 മുതൽ 10 അടി വരെ ഉയരമുണ്ടായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. തിളങ്ങുന്ന ഭീമൻ കണ്ണുകളോടെയുള്ള ആ രൂപം തങ്ങളെ തുറിച്ചുനോക്കുന്നത് പോലെ തോന്നിയെന്നും അത് മനുഷ്യനല്ലെന്ന് നൂറു ശതമാനം ഉറപ്പാണെന്നും വീഡിയോ പകർത്തിയ കുടുംബം പറയുന്നു. എന്നാൽ, പൊലീസെത്തി പരിശോധിച്ചെങ്കിലും ഇവിടെ അസ്വഭാവികമായി ഒന്നും കണ്ടില്ല.

 ആ പച്ച വെളിച്ചം

ആകാശത്ത് കൂടി പച്ച നിറത്തിലെ ഒരു പ്രകാശ ഗോളം താഴ്ന്ന് പറക്കുന്നതിന്റെ ദൃശ്യം ലാസ് വേഗാസ് പൊലീസ് ഡിപ്പാർട്ട്മെന്റ് ഓഫീസർമാരിൽ ഒരാളുടെ ബോഡി ക്യാമറയിലും പതിഞ്ഞിരുന്നു. ആകാശത്ത് നിന്ന് എന്തോ വീഴുന്നതും ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. കിഴക്കൻ കാലിഫോർണിയ, നെവാഡ, യൂട്ട എന്നിവടങ്ങളിലും പച്ച നിറത്തിലെ പ്രകാശം ആകാശത്ത് കണ്ടതായി നിരവധി പേർ പറയുന്നു. എന്നാൽ ഇത് ഉൽക്കാശിലയാണെന്നാണ് പൊതുവെ കരുതുന്നത്.

Advertisement
Advertisement