റാഫ തകർത്ത് ഇസ്രയേൽ, 15 മരണം  വെടിനിറുത്തൽ ചർച്ച അവസാനിച്ചു

Saturday 11 May 2024 9:24 AM IST

ടെൽ അവീവ്: ജനവാസ മേഖലകളും കെട്ടിടങ്ങളും തകർത്ത് തെക്കൻ ഗാസയിലെ റാഫയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. എഫ് - 16 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചുള്ള വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 15ലേറെ പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിലെ മരണം 34,900 കടന്നു. റാഫയുടെ കിഴക്കൻ മേഖലയിൽ നിന്ന് ടാങ്കുകളുടെ അകമ്പടിയോടെ ഇസ്രയേൽ സൈന്യം മുന്നേറ്റം തുടരുന്നതിനിടെ ഏകദേശം 1,​10,000 പേർ പലായനം ചെയ്‌തെന്നാണ് യു.എൻ റിപ്പോർട്ട്. തിങ്കളാഴ്ചയാണ് കിഴക്കൻ റാഫയിലെ ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേൽ നിർദ്ദേശം നൽകിയത്. ഇവിടെ ഹമാസ് അംഗങ്ങൾ ഇസ്രയേൽ സൈന്യത്തിന് നേരെ ശക്തമായ വെടിവയ്പ് നടത്തുന്നുണ്ട്. 50ഓളം ഹമാസ് ഭീകരരെ വധിച്ചെന്നും നിരവധി ഭൂഗർഭ ടണലുകൾ കണ്ടെത്തിയെന്നും ഇസ്രയേൽ പറയുന്നു.

റാഫയുടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളെ വിഭജിക്കുന്ന പ്രധാന റോഡിലേക്ക് ഇസ്രയേൽ ടാങ്കുകൾ നീങ്ങിത്തുടങ്ങിയെന്നാണ് വിവരം. ഇതിനിടെ, ഈജിപ്റ്റിലെ കയ്‌റോയിൽ നടന്ന വെടിനിറുത്തൽ ചർച്ചയിൽ തീരുമാനത്തിലെത്താതെ ഇസ്രയേൽ, ഹമാസ് പ്രതിനിധികൾ മടങ്ങി.

 ബൈഡനെ തള്ളി നെതന്യാഹു

റാഫയിൽ ആക്രമണം തുടർന്നാൽ ആയുധങ്ങൾ നൽകില്ലെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ് തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വേണ്ടി വന്നാൽ കൈയിലെ നഖം ഉപയോഗിച്ചും ഹമാസിനെതിരെ ഒറ്റയ്ക്ക് പോരാടുമെന്ന് നെതന്യാഹു പ്രതികരിച്ചു.

ചൊവ്വാഴ്ച മുതൽ ഗാസയിലേക്കുള്ള സഹായ വിതരണം നിലച്ചിരിക്കുകയാണ്. റാഫ അതിർത്തിയുടെ നിയന്ത്രണം പിടിച്ചെടുത്ത ഇസ്രയേൽ ഈജിപ്റ്റിൽ നിന്നുള്ള ട്രക്കുകളെ കടത്തിവിടാത്തത് വ്യാപക വിമർശനത്തിനിടയാക്കുന്നു.

Advertisement
Advertisement