ഒന്നരക്കോടിയുടെ സ്വർണവുമായി മൊയ്‌തീൻ കടക്കാൻ ശ്രമിച്ചത് ഗ്രീൻ ചാനൽ വഴി, പിന്നാലെ നടന്നത്

Saturday 11 May 2024 10:02 AM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീൻ എന്ന യുവാവിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെടുത്തത്. 2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികളായാണ് പ്രതി വിമാനത്താവളത്തിൽ വന്നിറങ്ങിയത്.

ജീൻസിനകത്ത് പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇത് തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിച്ചേർത്തിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഖാദറിനെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ മാസവും ദുബായിൽ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളിൽ നിന്നും രണ്ടരക്കോടി വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു, മലപ്പുറം സ്വദേശിയായ അഷ്‌റഫിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ 2466ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. വസ്ത്രത്തിനുളളിൽ പേസ്റ്റ് രൂപത്തിലാക്കിയ 654 ഗ്രാം സ്വർണമാണ് ആദ്യം പിടിച്ചെടുത്തത്. തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1812 ഗ്രാം സ്വർണവും കണ്ടെടുത്തത്. മറ്റൊരു മലപ്പുറം സ്വദേശിയായ മുഹമ്മദ് നസീഫിൽ നിന്നും 1817 ഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു.

Advertisement
Advertisement