മോദി, പിണറായി ഉൾപ്പെടെയുള്ളവരെ ജയിലിലാക്കും, യോഗിയുടെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്ന് കേജ്‌രിവാൾ

Saturday 11 May 2024 3:27 PM IST

ന്യൂ‌‌‌ഡൽഹി: പ്രതിപക്ഷ നേതാക്കളെ മാത്രമല്ല സ്വന്തം പാർട്ടി നേതാക്കളെയും ഭാരതീയ ജനതാ പാർട്ടി ജയിലിൽ അടയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കെയാണ് അരവിന്ദ് കേജ്‌രിവാൾ ഇക്കാര്യം ആരോപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഒരു രാജ്യം ഒരു നേതാവ്' എന്ന ദൗത്യത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവിതം ഉടൻ അവസാനിക്കുമെന്നും കേജ്‌രിവാൾ ആരോപിച്ചു. അദ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് ചൗഹാൻ, വസുന്ധര രാജെ, മനോഹർ ലാൽ ഖട്ടർ, രമൺ സിംഗ് എന്നിവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. യോഗിയാണ് അടുത്തത്. മോദി അടുത്ത ഇലക്ഷന് ജയിച്ചാൽ രണ്ട് മാസത്തിനുള്ളിൽ യു പി മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും കേജ്‌‌രിവാൾ പറഞ്ഞു.

'നമ്മുടെ രാജ്യം വളരെ പഴക്കമുള്ളതാണ്. ഒരു ഏകാധിപതി അധികാരം ഏറ്റെടുക്കാൻ ശ്രമിച്ചാൽ ജനങ്ങൾ അവരെ പിഴുതെറിയും. ഇന്ന് വീണ്ടും ഒരു ഏകാധിപതിയുടെ ജനാധിപത്യം അവസാനിപ്പിക്കണം. അതിനാൽ 140 കോടി ജനങ്ങളോട് അപേക്ഷിക്കാനാണ് ഞാൻ വന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എം കെ സ്റ്റാലിൻ, മമത ബാനർജി എന്നിവരടക്കമുള്ളവരെ ജയിലിലടയ്ക്കും', കേജ്‌‌രിവാൾ പറഞ്ഞു.

ജൂൺ നാലിന് ശേഷം എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കും. എഎപി അതിന്റെ ഭാഗമാകും. ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവിയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement