മുളയ്ക്കാത്ത പച്ചക്കറി വിത്ത് തമിഴ്നാട്ടിൽ നിന്ന്... കർഷകർക്ക് ചതിക്കുഴി ഒരുക്കി കൃഷിവകുപ്പ് !

Sunday 12 May 2024 12:49 AM IST

കോട്ടയം : സൗജന്യമായി നൽകുന്നതാണെങ്കിലും ഗുണനിലവാരം വേണ്ടേ. അതും സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് മേടിക്കുന്ന വിത്തിനങ്ങൾക്ക്. പക്ഷെ കൃഷി വകുപ്പിന് അതൊന്നും പ്രശ്നമല്ല. തമിഴ്‌നാട്ടിൽ നിന്ന് ഒരു പായ്ക്കറ്റിന് 25 രൂപയ്ക്ക് വാങ്ങി കേരളത്തിലെ കർഷകർക്ക് സൗജന്യമായി നൽകുന്ന പച്ചക്കറി വിത്തുകളിൽ ഏറെയും മുളയ്ക്കാത്തവ. ഇനി മുളച്ചവയാകട്ടെ മുരടിച്ചു നശിക്കുന്നവയും. ഹൈബ്രിഡ് വിത്തിനങ്ങൾ എന്ന പേരിൽ പ്രത്യേക പായ്ക്കറ്റിലാക്കി വിതരണം ചെയ്യുന്ന വിത്തുകൾ കേരളത്തിന്റ കാലവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തതാണ് നശിക്കാൻ കാരണം. തമിഴ്നാട് കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഒഫ് വെജിറ്റബിൾ സയൻസ് ഹോർട്ടി കൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വിത്തുകൾ വാങ്ങുന്നത്. ഇത് പിന്നീട് സങ്കരയിനം പച്ചക്കറി വിത്തുകളെന്ന് മലയാളത്തിൽ എഴുതിയാണ് കൃഷിഭവൻ വഴി വില്പന. ലക്ഷ്യം സമഗ്ര പച്ചക്കറി വികസന പദ്ധതിയെന്നാണ് പറച്ചിൽ. വെണ്ട , തക്കാളി, പയർ, വഴുതന, കത്തിരിക്ക, ചീര , മുളക്, വെള്ളരി, കുമ്പളം തുടങ്ങിയവയുടെ വിത്തുകളാണ് പായ്ക്കറ്റിലുള്ളത്.

കമ്മിഷൻ കൊയ്യാൻ ഉദ്യോഗസ്ഥർ

കേരളത്തിൽ നിന്നുള്ള പച്ചക്കറി വിത്തിനങ്ങൾ കർഷകരിൽ നിന്ന് ശേഖരിച്ച് കൃഷി ഭവനുകൾ വഴി വിതരണം ചെയ്താൽ ഇതിന് പരിഹാരം കാണാനാകും. നേരത്തെ ജില്ലയിൽ കുറവിലങ്ങാട് കോഴയിലെ സർക്കാർ ഫാമുകളിൽ ഉൾപ്പെടെ പച്ചക്കറി വിത്തിനങ്ങൾ തയ്യാറാക്കി കർഷകർക്ക് വിതരണം ചെയ്തിരുന്നു. ഇത് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കാതെ തമിഴ്നാട്ടിൽ നിന്നുള്ള വിത്തിനങ്ങൾ വാങ്ങുന്നതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കമ്മിഷൻ തട്ടിപ്പാണെന്നാണ് കർഷകരുടെ ആരോപണം. വ്യാപക പരാതി ഉയർന്നിട്ടും കൃഷിവകുപ്പ് ഇതിൽ നിന്ന് പിന്മാറുന്നുമില്ല. നിരവധി കർഷകരാണ് കൃഷിവകുപ്പിന്റെ ചതിയിൽ വീണത്.

''

കേരളത്തിന്റ കാലവസ്ഥയ്ക്ക് അനുയോജ്യമായ വിത്തിനങ്ങളാണ് ഇവിടെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യേണ്ടത്. പകരം മുളയ്ക്കാത്ത വിത്തിനങ്ങൾ അമിത പണം നൽകി തമിഴ്നാട്ടിൽ നിന്ന് വാങ്ങുന്നത് എന്തിനെന്ന് വ്യക്തമാക്കേണ്ടത് കൃഷി വകുപ്പാണ്.

-എബി ഐപ്പ് (കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി)

തമിഴ്നാട്ടിൽ നിന്ന് വാങ്ങുന്നത് : 25 രൂപയ്ക്ക്

Advertisement
Advertisement