സുഹൃത്തിന്റെ വീട്ടിൽ നോമ്പുതുറയ്ക്കെത്തി കവർച്ച: പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Sunday 12 May 2024 1:44 AM IST
നസീർ

ആലുവ: സുഹൃത്തിന്റെ വീട്ടിൽ നോമ്പുതുറയ്ക്കെത്തി 40 പവൻ സ്വർണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവർന്ന കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ ആലുവ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം പുനലൂർ തളിക്കോട് ചാരുവിളപുത്തൻവീട്ടിൽ റജീന (44), തളിക്കോട് തളത്തിൽവീട്ടിൽ ഷെഫീക്ക് (42) എന്നിവരാണ് പിടിയിലായത്.

ഏപ്രിൽ ഒന്നിന് ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടിലായിരുന്നു കവർച്ച. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്.

റജീന

തോട്ടുമുഖം സ്വദേശിയുടെ വീടിനോട് ചേർന്നുള്ള അച്ചാർ കമ്പനിയിലെ ജീവനക്കാരനാണ് നസീർ. ഗൾഫിലുണ്ടായിരുന്നപ്പോഴുള്ള പരിചയത്തിന്റെ പുറത്താണ് ഇയാൾക്ക് കമ്പനിയിൽ ജോലിനൽകിയിരുന്നത്. നോമ്പുതുറക്കായി നസീർ വീട്ടിലെത്തിയ ശേഷമാണ് പണവും ആഭരണങ്ങളും കാണാതായത്. തുടർന്നാണ് നസീറിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

ഷെഫീക്ക്

നസീർ മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ സഹായിച്ചവരാണ് റജീനയും ഷെഫീക്കും. മോഷണമുതലുകൾ ഉപയോഗിച്ച് ഇവർ ആഡംബരജീവിതം നയിക്കുകയായിരുന്നു. മൂന്നുപേരിൽ നിന്നുമായി മോഷണമുതലുകൾ കണ്ടെടുത്തു. നസീറിനെതിരെ തിരുവനന്തപുരം ജില്ലയിൽ വേറെയും കേസുകളുണ്ട്.

ഡിവൈ.എസ്.പി എ. പ്രസാദ്, ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, എ.എസ്.ഐ കെ.എ. നൗഷാദ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, പി.എ. നൗഫൽ, ദീപ്തി ചന്ദ്രൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement