പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവം ഇന്ന്

Saturday 11 May 2024 6:01 PM IST

തിരുവില്വാമല: മദ്ധ്യകേരളത്തിലെ പൂരാഘോഷങ്ങളുടെ കൊട്ടിക്കലാശമായ തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി ഇന്ന്. രാവിലെ 7.30ന് വടക്കെ കൂട്ടാല ദേവീക്ഷേത്രത്തിൽ നിന്നു പടിഞ്ഞാറ്റുമുറി ദേശത്തിനായി ഭഗവതിയുടെ കോലം പുതുപ്പള്ളി കേശവന്റെ പു റത്തുകയറ്റുന്നതോടെ ഉത്സവത്തിനു തുടക്കമാകും. പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട്, കരിവേഷം എന്നിവ എഴുന്നെള്ളത്തിന് അകമ്പടിയാകും.

കിഴക്കുമുറി ദേശത്തിന്റെ ഗജഘോഷയാത്ര മല്ലിച്ചിറ അയ്യപ്പൻകാവിൽ നിന്ന് ആരംഭിക്കും. ഊക്കൻസ് കുഞ്ചു കോലമേന്തും. പഞ്ചവാദ്യവും നാടൻ കലാരൂപങ്ങളും എഴുന്നെള്ളത്തിന് മാറ്റുകൂട്ടും. പാമ്പാടി ദേശത്തിന്റെ പരിപാടികൾക്കു പാമ്പാടി മന്ദം ക്ഷേത്രത്തിൽ നിന്നും തുടക്കമാകും. തിരുവമ്പാടി ചന്ദ്രശേഖരൻ പാമ്പാടി ദേശത്തിനായി ഭഗവതിയുടെ തിടമ്പേറ്റും. പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട് എന്നിവയുടെ അകമ്പടിയോടെ എഴുന്നെള്ളത്ത് പാമ്പാടി സെന്ററിലെത്തി പഞ്ചവാദ്യത്തിനു ശേഷം ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ വടക്കെ നടയിലേക്കു നീങ്ങും. വൈകിട്ട് മൂന്നുദേശങ്ങളുടെ എഴുന്നെള്ളത്തും പറക്കോട്ടുകാവ് താലപ്പൊലിപ്പാറയിൽ എത്തി മേളം പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ കൂട്ടിയെഴുന്നെള്ളിപ്പും കുടമാറ്റവും നടക്കും.

തുടർന്ന് എഴുന്നെള്ളത്ത് കാവിലേക്ക് ഇറങ്ങും. രാത്രി എട്ടിന് വെടിക്കെട്ട് നടക്കും. പത്തിനു ചെറുതൃക്കോവിൽ പരിസരത്തും പുലർച്ചെ രണ്ടിനും നാലിനും കരിമരുന്നിന്റെ നിറപ്പകിട്ടിന് തിരികൊളുത്തും. രാവിലെ കൂട്ടിയെഴുന്നള്ളത്ത് കഴിഞ്ഞ് കാള, കുതിരവേലകൾ കാവിലേക്ക് ഇറങ്ങുന്നതോടെ താലപ്പൊലി ആഘോഷങ്ങൾക്ക് സമാപനമാകും രാത്രി എട്ടിനും 9.30നും തിങ്കളാഴ്ച പുലർച്ചെ രണ്ടിനും നാലിനുമാണു വെടിക്കെട്ട് നടക്കുക.

Advertisement
Advertisement