പെരുന്ന ആയുർവേദ ആശുപത്രി... പരിസരം നിറയെ മാലിന്യം, പുതിയ കെട്ടിടവും വന്നില്ല

Sunday 12 May 2024 12:27 AM IST

ചങ്ങനാശേരി : രോഗമില്ലാത്തവർ രോഗിയായി മടങ്ങുന്ന അവസ്ഥ. ആശുപത്രി പരിസരമാകെ മാലിന്യം. പെരുന്ന ഗവ. ആയുർവേദ ആശുപത്രിയുടെയും ഇവിടെയെത്തുന്ന രോഗികളുടെയും അവസ്ഥ പരിതാപകരമാണ്. നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ പരിസരം മാലിന്യത്തിൽ മുങ്ങി. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്ന് ഉൾപ്പെടെ നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. പക്ഷേ ആശുപത്രിയുടെ കാര്യത്തിൽ വൃത്തി ഏഴയിലത്തില്ല. ആശുപത്രിയ്ക്ക് സമീപമാണ് മൃഗാശുപത്രി സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നുള്ള മലിനജലം ഉൾപ്പെടെ ഇതിന് മുൻപിലൂടെയാണ് ഒഴുകുന്നത്. ഇത് രോഗികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. സ്ഥലപരിമിതിയും വാഹന പാർക്കിംഗുമാണ് മറൊരു പ്രശ്‌നം.

പ്രഖ്യാപിച്ചത് 5 കോടി അനുവദിച്ചത് 1 കോടി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ പുതിയ കെട്ടിടം നിർമ്മിക്കാൻ വെജിറ്റബിൾ മാർക്കറ്റിൽ ലോറി സ്റ്റാൻഡിന് സമീപം 50 സെന്റ് ഭൂമി വിട്ടു നൽകാൻ നഗരസഭ തീരുമാനിച്ചിരുന്നു. എം.എൽ.എ നൽകിയ കത്തിൽ പദ്ധതിയ്ക്കായി 5 കോടി രൂപ അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് അനുവദിച്ചത് ഒരു കോടി രൂപയാണ്.

ഭൂമി അളന്ന് മണ്ണ് പരിശോധന പൂർത്തിയാക്കി എസ്റ്റിമേറ്റും, ഡിസൈനും തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുന്നുവെന്നാണ് വിശദീകരണം. എന്നാൽ പദ്ധതി പൂർത്തീകരണത്തിന് നിലവിൽ ലഭിച്ച തുക അപര്യാപ്തമാണെന്നാണ് വിലയിരുത്തൽ.

''മറ്റിടങ്ങളിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ എന്നും അവഗണിക്കപ്പെട്ട പ്രദേശമാണ് അങ്ങാടിയും, പണ്ടകശാലക്കടവും. പദ്ധതി ഇവിടെ നടപ്പിലാക്കുമെന്നത് ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്.
സന്തോഷ് ആന്റണി (മുനിസിപ്പൽ കൗൺസിലർ)

പദ്ധതിയുടെ നടത്തിപ്പിനായി കൂടുതൽ തുക അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇത് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതയാകും. അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുന്ന ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കും.

ജോബ് മൈക്കിൾ എം.എൽ.എ

Advertisement
Advertisement