ഉഷ്ണതരംഗം: വറുതിയിൽ മത്സ്യബന്ധന മേഖല

Saturday 11 May 2024 7:30 PM IST

തൃശൂർ: ഉഷ്ണതരംഗത്തെയും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളെയും തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ ജില്ലയിലെ മത്സ്യ, അനുബന്ധ തൊഴിലാളികൾ പ്രതിസന്ധിയിൽ. വിപണിയിലെത്തുന്ന മത്സ്യത്തിൽ ഭൂരിഭാഗവും തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ്. ദൗർലഭ്യത്തെത്തുടർന്ന് വില കുത്തനെ കൂടി.

മുമ്പ് കടവുകളിൽ ഉണ്ടായിരുന്ന മത്സ്യബന്ധന രീതി ഇപ്പോഴില്ലാത്തതും മീൻ കുറയുന്നതിന് കാരണമാണ്. വലിയ യാനങ്ങളിൽ ആഴക്കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന രീതിയാണിപ്പോൾ. മുമ്പ് ഇരുപത്തഞ്ചോളം പേർക്ക് പോകാവുന്ന ചെറുയാനങ്ങൾ കുറവാണ്. ഉഷ്ണതരംഗത്തെത്തുടർന്ന് ചൂട് കൂടിയതോടെ മത്സ്യങ്ങൾ ആഴക്കടലിലേക്ക് പോയി. വലിയ യാനങ്ങൾ ഉള്ളവർക്കേ ആഴക്കടൽ മത്സ്യബന്ധനം സാദ്ധ്യമാകൂ.

ആഴക്കടലിൽ നിന്ന് പിടിക്കുന്ന അയ്ക്കൂറ, കേര, കുടുത തുടങ്ങിയവ മാത്രമാണ് ചാവക്കാട്, അഴീക്കോട് ഉൾപ്പെടെയുള്ള മേഖലയിൽ ലഭിക്കുന്നത്. സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന കിളിമീൻ, മത്തി, അയല, മെത്തൽ, വെളൂരി എന്നിവ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നവർ ആ നിലയ്ക്ക് ഉപജീവനം നടത്താൻ തീവ്രശ്രമം നടത്തുകയാണ്.

മഴ പെയ്താൽ മെച്ചപ്പെടും

കേരളത്തിന് പുറത്തുനിന്ന് വരുന്ന മീനിന്റെ തോത് മൊത്തം വിൽപ്പനയുടെ 40 ശതമാനത്തോളമായിരുന്നു. നിലവിൽ 70 ശതമാനത്തോളമാണ്. ദൗർലഭ്യത്തെത്തുടർന്ന് വില കൂടിയത് വിൽപ്പനയെയും ബാധിച്ചു. കനത്ത മഴ ലഭിച്ച് കടൽ കലങ്ങിമറിയുമ്പോൾ വലിയ ചെമ്മീൻ ഉൾപ്പെടെ ധാരാളം മീൻ ലഭിക്കാറുണ്ട്. നല്ല വിലയും കിട്ടും. ജൂണിൽ അത്തരമൊരു ചാകര കിട്ടുമെന്ന പ്രതീക്ഷയിലാണ് തീരദേശ മേഖല.

ജില്ലയിൽ മത്സ്യ, അനുബന്ധ തൊഴിലാളികൾ ഏകദേശം 40,000

  • വില (കിലോയ്ക്ക്)
  • ചാള...... 200
  • മത്തി...... 250
  • അയില 26...... 300
  • ചെറിയ ചെമ്മീൻ...... 400
  • (പ്രാദേശിക വ്യത്യാസങ്ങളുണ്ടാകാം)

തുറമുഖ മേഖലയിൽ ഒഴികെ ഭൂരിഭാഗം മീനുമെത്തുന്നത് ഇതര സംസ്ഥാനത്തു നിന്നാണ്. മഴ പെയ്താലേ സ്ഥിതി മാറൂ.

- കെ.എം.അലി, ജില്ലാ സെക്രട്ടറി, മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ

Advertisement
Advertisement