പാമോയിൽ വിൽക്കാൻ മലേഷ്യ പ്രയോഗിക്കുന്നത് ചൈനയുടെ തന്ത്രം, പിന്നിൽ ഗൂഢലക്ഷ്യം

Saturday 11 May 2024 7:56 PM IST

ക്വാലാലംപ്പൂർ: തങ്ങളിൽ നിന്ന് പാം ഓയിൽ വാങ്ങുന്ന പ്രധാന വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് ഒറാങ്ങ്ഊട്ടാനുകളെ സമ്മാനമായി നൽകാൻ ആലോചിക്കുന്നതായി മലേഷ്യ. വൻകുരങ്ങുകളുടെ കുടുംബത്തിൽപ്പെട്ട ഒറാങ്ങ്ഊട്ടാൻ ഇൻഡോനേഷ്യയിലെയും മലേഷ്യയിലെയും നിത്യഹരിത വനങ്ങളിൽ മാത്രമാണുള്ളത്.

ചൈനയുടെ ' പാണ്ട നയതന്ത്ര'ത്തിന്റെ മാതൃകയിലാണ് ' ഒറാങ്ങ്ഊട്ടാൻ നയതന്ത്ര'ത്തിന് പദ്ധതിയിടുന്നതെന്നും പങ്കാളികളായ രാജ്യങ്ങൾക്കിടയിൽ ഊഷ്മളമായ ബന്ധം ഇതിലൂടെ സ്ഥാപിക്കാമെന്ന് കരുതുന്നതായും സർക്കാർ കണക്കുകൂട്ടുന്നു.മേയ് ഏഴിന് നടന്ന മലേഷ്യൻ പാമോയിൽ ഗ്രീൻ കൺസർവേഷൻ ഫൗണ്ടേഷന്റെ സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് മലേഷ്യൻ മന്ത്രി ജൊഹാരി അബ്ദുൾ ഘനി സർക്കാർ തീരുമാനം വ്യക്തമാക്കിയത്. സുസ്ഥിര വികസനം ലക്ഷ്യമിടുന്നവരും വനം- പരിസ്ഥിതി സംരക്ഷണത്തിൽ പ്രതിജ്ഞാ ബന്ധരുമാണ് മലേഷ്യയെന്ന് ലോകത്തെ അറിയിക്കുകയുമാണ് ലക്ഷ്യമെന്നും ഘനി പറഞ്ഞിരുന്നു.

യൂറോപ്യൻ യൂണിയൻ പുതിയ വനനശീകരണ നിയന്ത്രണ നിയമങ്ങൾ ഡിസംബർ മുതൽ നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കവെയാണ് മലേഷ്യയുടെ പുതിയ നീക്കം. സോയ, ബീഫ്, പാമോയിഷ, തടി, കൊക്കോ, കാപ്പി, റബ്ബർ തുടങ്ങിയ ഏഴ് പ്രധാന ഉപഭോഗ വസ്തുക്കൾ 2020 ഡിസംബറിന് ശേഷം വനം നശിപ്പിച്ചുണ്ടാക്കിയ പുതിയ പ്ലാന്റേഷനിൽ നിന്നല്ലെന്ന് ഉത്പാദകർ യൂറോപ്യൻ യൂണിയനെ ബോദ്ധ്യപ്പെടുത്തണമെന്നാണ് നിയമത്തിലുള്ളത. അല്ലെന്ന് തെളിഞ്ഞാൽ ആ വസ്തുക്കൾ യൂറോപ്പിൽ ഇറക്കുമതി ചെയ്യാനാവില്ല. ഈ പ്രശ്നം ഒഴിവാക്കാനാണ് മലേഷ്യയുടെ പുതിയ തന്ത്രം.

അതേ സമയം, ഒറാങ്ങ്ഊട്ടാനെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനാണ് ശ്രദ്ധ നൽകേണ്ടതെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( ഡബ്ല്യു.ഡബ്ല്യു.എഫ് ) പ്രതികരിച്ചു.

വേട്ടയാടലും വനനശീകരണവും മൂലം വംശനാശഭീഷണി നേരിടുന്ന സ്പീഷീസാണ് ഒറാങ്ങ്ഊട്ടാൻ. പാം ഓയിൽ പ്ലാന്റേഷനായി ഇവയുടെ ആവാസ വ്യവസ്ഥ വൻതോതിൽ ഇല്ലാതാക്കപ്പെട്ടു.' കാടിന്റെ മനുഷ്യൻ ' എന്നാണ് ഒറാങ്ങ്ഊട്ടാൻ എന്ന പേര് അർത്ഥമാക്കുന്നത്. ഏകദേശം 1,05,000 ഒറാങ്ങ്ഊട്ടാനുകൾ മലേഷ്യയുടെ ഭാഗമായ ബോർണിയോ ദ്വീപിലും ആയിരക്കണക്കിന് എണ്ണം സുമാത്രയിലും ജീവിക്കുന്നു.

ചൈനയിൽ മാത്രം കാണപ്പെടുന്ന പാണ്ടകളെ മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന രീതിയാണ് ' പാണ്ട നയതന്ത്രം' . 1941 മുതൽ 1984 വരെ ചൈനീസ് സർക്കാർ പാണ്ടകളെ മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകിയിരുന്നു. 1984ന് ശേഷം സമ്മാനത്തിന് പകരം നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് നൽകുന്നു.

Advertisement
Advertisement