മോഹൻലാൽ തിരുവനന്തപുരത്ത്

Sunday 12 May 2024 6:00 AM IST

മേയ് 14ന് എമ്പുരാന്റെ ചിത്രീകരണം തലസ്ഥാനത്ത് ആരംഭിക്കും

മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ തുടർ ചിത്രീകരണം മേയ് 14ന് തിരുവനന്തപുരത്ത് ആരംഭിക്കും. പത്തുദിവസത്തെ ചിത്രീകരണമാണ് തിരുവനന്തപുരത്ത്. മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ ഉൾപ്പെടെയുള്ള താരങ്ങൾ ഈ ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ ചിത്രീകരണത്തിനുശേഷം കൊച്ചിയിലും ഗുജറാത്തിലും എമ്പുരാനു ചിത്രീകരണമുണ്ട്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് മോഹൻലാൽ. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും ഒരുമിക്കുന്ന ചിത്രത്തിൽ മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, ആർഷ ചാന്ദ്‌‌നി ബൈജു എന്നിവരോടൊപ്പം പ്രശസ്ത പരസ്യ ചിത്ര സംവിധായകൻ പ്രകാശ് വർമ്മ പ്രധാന വേഷത്തിൽ എത്തുന്നു. ആദ്യമായാണ് പ്രകാശ് വർമ്മ സിനിമയിൽ അഭിനയിക്കുന്നത്.

അതേസമയം, സെപ്തംബറിൽ എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം.

2019ലെ ബ്ളോക്ക് ബസ്റ്ററുകളിലൊന്നായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ ഖുറേഷി അബ‌്‌റാം ആയി മോഹൻലാൽ വീണ്ടും എത്തുന്നു. സായ്‌കുമാർ, ബൈജു സന്തോഷ്, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപിയാണ് രചന. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാണ് ലൈൻ പ്രൊഡക്ഷൻ.

Advertisement
Advertisement