ചിരിപ്പിച്ചും പേടിപ്പിച്ചും 40 കോടിയുമായി അരൺമനൈ

Sunday 12 May 2024 6:00 AM IST

സുന്ദർ സി. സംവിധാനം ചെയ്ത അരൺമനൈ 4 ആഗോള തലത്തിൽ 56.5 കോടി നേടി . തമിഴ്‌നാട്ടിൽ നിന്നു മാത്രം 40 കോടി രൂപ നേടിയിട്ടുണ്ട്. മേയ് 3നാണ് ചിത്രം റിലീസ് ചെയ്തത്. ഈ വർഷം കോളിവുഡിലെ വമ്പൻ വിജയങ്ങളുടെ പട്ടികയിൽ അരൺ മനൈ ഇടം നേടി. സുന്ദർ സി. ആണ് ചിത്രത്തിൽ നായകൻ. ചിത്രത്തിന്റെ സംവിധായകനും സുന്ദർ സി തന്നെയാണ്. - കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ തമന്നയും റഷി ഖന്നയുമാണ് നായികമാർ. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, കെ.എസ്. ഹരികുമാർ, യോഗി ബാബു, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ദേവനന്ദയാണ് ചിത്രത്തിലെ ആകർഷണീയത. ഖുശ്‌ബു, സിമ്രാൻ എന്നിവർ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആണ് റിലീസ് ചെയ്തത്.

സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. 2016ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരോടൊപ്പം സുന്ദറും ഹൻസികയും അഭിനയിച്ചു. 2021ൽ റിലീസ് ചെയ്ത മൂന്നാം ഭാഗത്തിൽ സുന്ദർ, ആര്യ, റാഷി ഖന്ന, ആൻഡ്രിയ ജറീമിയ എന്നിവരായിരുന്നു പ്രധാന താരങ്ങൾ.