നമുക്ക് വേണം 'പുതിയ കാർഷിക നയം'

Sunday 12 May 2024 12:30 AM IST

കേരളത്തിലെ കാർഷികരംഗം മുമ്പൊന്നും ഇല്ലാത്തവിധം പ്രതിസന്ധികൾ നേരിടുകയാണ്. പതിറ്റാണ്ടുകളായി കേരളം കാർഷികമേഖലയിൽ പിന്നാക്കം പോകുന്നത് എന്തുകൊണ്ടാണ്? കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങളോ അവരുടെ ആവശ്യങ്ങളോ എന്തൊക്കെയാണെന്ന് സർക്കാരുകളോ ഉദ്യോഗസ്ഥ മേധാവികളോ തിരിച്ചറിയുന്നില്ലെന്നതാണ് കാരണം. ഉയർന്ന കൂലി, തൊഴിലാളികളുടെ ലഭ്യതക്കുറവ്, കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച, ഫലപ്രദമായ വിപണന സംവിധാനങ്ങളുടെ അഭാവം, ഇടത്തട്ടുകാരുടെ ചൂഷണം, യന്ത്രവൽക്കരണത്തിന്റെ കുറവ്, സ്‌റ്റോറേജ് സംവിധാനങ്ങളുടെ അഭാവം, സർക്കാർ സംവിധാനങ്ങളുടെ പോരായ്മ തുടങ്ങിയ നിരവധി ഘടകങ്ങളാണ് കേരളത്തിലെ കാർഷിക മേഖലയെ പിന്നോട്ടടിക്കുന്നത്. ഇതിന് പരിഹാരം കാണാൻ സർക്കാർ പുതിയ കാർഷിക നയം രൂപീകരിക്കണം. മലയാളികൾ കൃഷിയും വയലും പ്രകൃതിയും സംരക്ഷിക്കുന്നൊരു സംസ്‌കാരത്തിലേക്ക് തിരിച്ചുവരണം. ഇത് പരിസ്ഥിതിവാദികളുടെ മാത്രം അഭിപ്രായമല്ല മനുഷ്യന്റെ നിലനിൽപിന്റെ പ്രശ്നമാണ്. സർക്കാർ അതിനുള്ള പദ്ധതികളായിരിക്കണം ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത്.

 തിരിച്ചടിക്കുന്ന നയങ്ങൾ

ലാഭകരമായ കൃഷി ഏതാണോ അത് ചെയ്യാൻ കേരളത്തിലെ നിയമങ്ങൾ കർഷകരെ അനുവദിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയൊരു പ്രശ്നം. കേരളത്തിലെ സാഹചര്യത്തിൽ നെൽകൃഷി നടത്തിയാൽ ഭീമമായ നഷ്ടമായിരിക്കും ഫലം. പക്ഷേ നെൽപ്പാടമുള്ള ഒരു കർഷകൻ നഷ്ടം സഹിച്ചും എല്ലാവർഷവും കൃഷിചെയ്ത് അത് നെൽപ്പാടമായി തന്നെ നിലനിർത്തുന്നുവെന്ന് അധികാരികളെ കാണിച്ചുകൊണ്ടേയിരിക്കേണ്ട അവസ്ഥ ദയനീയമാണ്. ഇതാണ് കേരളത്തിലെ തലതിരിഞ്ഞ നയം.

പകരം ലാഭകരമായ മറ്റുള്ള വിളകൾ അവിടെ കൃഷി ചെയ്യാൻ സർക്കാർ കർഷകരെ അനുവദിക്കുന്നില്ല. തരിശായി കിടക്കുന്ന നെൽപ്പാടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വയംസഹായ സംഘങ്ങൾ മുഖേന നെൽകൃഷി നടത്തുന്നൊരു പദ്ധതിയും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാൽ സംഘങ്ങൾക്കും അതിലൂടെ വലിയ നേട്ടമുണ്ടാക്കാനായിട്ടില്ല.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടിനുള്ളിൽ മലയാളികളുടെ ഭക്ഷണശൈലി തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. പണ്ട് അരിയായിരുന്നു മുഖ്യാഹാരമെങ്കിൽ ഇന്ന് ഗോതമ്പിന് പുറമേ പാൽ, മുട്ട, ഇറച്ചി, മത്സ്യം, പച്ചക്കറികൾ, ഫ്രൂട്ടസ് എന്നിവക്കൊക്കെ വളരെ വലിയ പ്രധാന്യമാണ് നൽകിയിരിക്കുന്നത്. എന്നാൽ അതിന് അനുസരിച്ച് കേരളത്തിലെ കാർഷികോൽപ്പാദന നയത്തിൽ കാതലായ മാറ്റം വരുത്താൻ സർക്കാരുകൾ തയ്യാറാകുന്നില്ലെന്നതാണ് നിർഭാഗ്യകരമായൊരു അവസ്ഥ. വെള്ളം കെട്ടിനിൽക്കുന്ന നെൽപ്പാടങ്ങളിൽ മത്സ്യകൃഷി നടത്താൻ പോലും അനുമതി ലഭിക്കുകയില്ല.

സംസ്ഥാനത്തെ പ്ലാന്റേഷൻ മേഖലയിലും ഇതുതന്നെയാണ് സ്ഥിതി. ''റബ്ബർ കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ അവ വൻനഷ്ടം വരുത്തിയാലും അവിടെ റബ്ബർ മാത്രം വളർത്തി ജിവിച്ചുകൊള്ളണമെന്ന കർക്കശമായ നിബന്ധനയാണ് മാറ്റേണ്ടത്. തേയില, കാപ്പി, ഏലം തുടങ്ങിയ തോട്ടവിളകളുടെ കൃഷിയിൽ ബുദ്ധിശൂന്യമായ ഇത്തരം നിബന്ധനകൾ കർഷകരുടെ നട്ടെല്ല് തകർത്തിരിക്കുകയാണ്. ഇവിടെയും ലാഭകരമായ മറ്റ് വിളകൾ കൂടി കൃഷി ചെയ്യാൻ സർക്കാർ അനുവദിക്കുകയാണെങ്കിൽ കർഷകർക്ക് നഷ്ടം കുറക്കുന്നതിനും അവരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജനവാസ കേന്ദ്രങ്ങളിൽ വൻതോതിൽ പശുവിനെയും പന്നിയെയും വളർത്താനാകാത്തതിനാൽ റബ്ബർ തോട്ടങ്ങൾക്കുള്ളിൽ ഇത്തരം ഫാമുകൾക്ക് സാധ്യതയുണ്ടാകും.

 വെല്ലുവിളികൾ പലത്

കാർഷിക ഭൂമി ഭൂമി ലഭ്യത കുറഞ്ഞു വരുന്നു.

കാർഷിക മേഖലയിലെ വരുമാനക്കുറവ്

കാർഷികേതര മേഖലയിലേക്ക് പുതു തലമുറയ്ക്കുള്ള ആകർഷണം.

വരുമാനത്തിലുള്ള കാലദൈർഘ്യവും കാലാവസ്ഥ വ്യതിയാനവും

കമ്പോള വിലയുടെ അസ്ഥിരതയും സാമൂഹിക സ്വീകാര്യത കുറവും,

കൃഷി പുതിയ തലമുറയ്ക്ക് അനാകർഷകമായി തീർന്നു.

അനിയന്ത്രിതമായ ഇറക്കുമതി ഉൽപ്പന്നങ്ങളുടെ വിലയുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വരുന്നു.

 വേണം വിളകളുടെ വൈവിദ്ധ്യവത്കരണം

വിളകളുടെ വൈവിദ്ധ്യവത്കരണത്തിലേക്കാണ് കേരളം അടിയന്തരമായി ചുവടുറപ്പിക്കേണ്ടത്. വൈവിദ്ധ്യമാർന്ന ഉത്പ്പന്നങ്ങൾ ഉത്പ്പാദിപ്പിച്ചാൽ മാത്രമേ ഉത്പ്പന്നങ്ങളുടെ അമിതമായ ഉത്പ്പാദനം കുറയ്ക്കാനും കർഷകർക്ക് മെച്ചപ്പെട്ട വില നേടുന്നതിനും സാധിക്കുകയുള്ളൂ. ഇതിനായി ഓരോ സ്ഥലത്തും ലാഭകരമായ വിളകൾ കൃഷി ചെയ്യുന്നതിനുള്ള അവസരമാണ് സർക്കാർ കർഷകർക്ക് നൽകേണ്ടത്.

കൂടാതെ കാർഷികോത്പ്പന്നങ്ങൾ ഉത്പ്പാദിപ്പിച്ച ശേഷം അവയ്ക്ക് വിപണി തേടുന്ന നമ്മുടെ പരമ്പരാഗതശൈലിക്ക് പകരം വിപണിയുടെ ആവശ്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ചശേഷം അതിലേക്ക് ആവശ്യമായവ ഉത്പ്പാദിപ്പിക്കുന്ന തരത്തിലേക്ക് കേരളത്തിലെ കാർഷിക മേഖലയെ മാറ്റണം. രാജ്യത്തെ ഇന്നത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കും കേരളത്തിലെ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിൽ കൃഷിയെ മാറ്റണം. റംബുട്ടാൻ, മാംഗോസ്റ്റീൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയ വൈവിദ്ധ്യമാർന്ന പഴങ്ങൾ മികച്ച സാമ്പത്തിക നേട്ടം നൽകുന്നവയാണെന്ന് കേരളത്തിൽ അവ പരീക്ഷിച്ച് നേക്കിയ ഏതാനും കർഷകർ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയുടെ കൃഷി വർദ്ധിപ്പിക്കാനായിട്ടില്ല.

 നേടണം ഈ ലക്ഷ്യങ്ങൾ

കേരളം ലക്ഷ്യമിടേണ്ടത് സംസ്ഥാനത്തിനു ഒരു വർഷം ആവശ്യമായി വരുന്ന ഭക്ഷ്യ വിഭവങ്ങൾ പരമാവധി ഇവിടെ തന്നെ ഉൽപാദിപ്പിക്കുക എന്നുള്ളതാണ്. ഒരു വർഷം 40.68 ലക്ഷം ടൺ അരി ആവശ്യമുള്ളപ്പോൾ നമ്മൾ ഉൽപാദിപ്പിക്കുന്നത് വെറും 8 ലക്ഷം ടൺ മാത്രമാണ്. സംസ്ഥാനത്തിനു ഒരു വർഷം 20 ലക്ഷം ടൺ പച്ചക്കറികൾ ആവശ്യമുണ്ട്. അതിൽ 16 ലക്ഷം ടൺ ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നു എന്നാണ് അവകാശപ്പെടുന്നത്. ഇത്തരം ഭക്ഷ്യ വിളകൾ പരമാവധി സംസ്ഥാനത്തു തന്നെ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് വ്യക്തമായ പദ്ധതിയോടു കൂടി, സമയ ബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. ഇതിനു വേണ്ടി ഏറ്റവും നൂതനമായ മാതൃകകൾ കൊണ്ടുവരണം. ആവശ്യമായ മേഖലകളെല്ലാം യന്ത്രവത്ക്കരിക്കണം. ഇവിടെ ഗുണമേന്മയുള്ള വിളകൾ ലഭ്യമാക്കുന്നതിൽ മാത്രമായിരിക്കണം മുൻഗണന.

വ്യക്തമായ, ശാസ്ത്രീയമായ, മാർഗ നിർദ്ദേശത്തോടെ കുടുംബശ്രീ, സഹകരണ മേഖലയിലുള്ളവർ, പരിചയ സമ്പന്നരായ സ്വകാര്യ വ്യക്തികൾ. എന്നിവരെ ഇതിൽ പങ്കാളികളാക്കണം. നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന സബ്സിഡികൾ, ഇൻസെന്റീവുകൾ, നികുതി ഇളവുകൾ എന്നിവയിൽ നല്ല പങ്ക് ഈ ലക്ഷ്യം കൈവരിക്കാൻ നൽകേണ്ടതുണ്ട്. ജനസാന്ദ്രത കൂടുതലുള്ള നമ്മുടെ സംസ്ഥാനത്ത് കൃഷിക്കായുള്ള ഭൂമി ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. സ്ഥലം വാടകക്കെടുത്ത് നടത്തുന്ന രീതി ഇപ്പോൾ നിലവിലുണ്ട്. തരിശു ഭൂമി പരമാവധി ഉപയോഗപ്പെടുത്തണം. കുറഞ്ഞ സ്ഥലത്ത്കൂടുതൽ വിള ഉൽപ്പാദിപ്പിക്കുന്ന വിദ്യ സ്വായത്തമാക്കണം.

ഇതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് കാലോചിതമായ നടപടികൾ എടുക്കേണ്ടതുണ്ട്. ലോകത്ത് ലഭ്യമാകുന്ന നമ്മുടെ കാലാവസ്ഥയ്ക്കനുകൂലമായ മാതൃകകൾ നാം നടപ്പിലാക്കണം. കൃഷി മേഖലയിൽ പുത്തനുണർവ് നൽകി പരമാവധി നമ്മുടെ സംസ്ഥാനം സ്വയം പര്യാപ്തമായിത്തീരട്ടെ. പുതുതലമുറയ്ക്ക് കൃഷിമേഖല ആകർഷകമായിത്തീരുകയും ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പ്രത്യാശിക്കാം. അതായിരിക്കട്ടെ നവകേരളം.

Advertisement
Advertisement