കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യം

Sunday 12 May 2024 12:13 AM IST

അഞ്ചുവർഷത്തെ കേന്ദ്ര സർക്കാരിനെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ പ്രക്രിയ പകുതി പിന്നിട്ടിരിക്കെയാണ്. ആം ആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിന് കോടതി മുന്നോട്ടുവച്ച പ്രധാന ഉപാധികളിലൊന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പ്രവേശിക്കരുതെന്നതാണ്. അതിൽനിന്നു തന്നെ കേജ്‌രിവാളിനെതിരെ എടുത്തിരിക്കുന്ന കേസിന്റെ ഗുരുതരമായ സ്വഭാവം കോടതി കണക്കിലെടുത്തു എന്നത് വ്യക്തമാണ്. രാജ്യം കടന്നുപോകുന്ന പ്രത്യേക സാഹചര്യമാണ് ഇടക്കാല ജാമ്യം അനുവദിക്കാൻ കോടതിയെ പ്രേരിപ്പിച്ചതെന്ന് അനുമാനിക്കാം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയോടുള്ള ബഹുമാനമാണ് ഒരർത്ഥത്തിൽ കേജ്‌രിവാളിന് ജാമ്യം നൽകിയതിലൂടെ പ്രകടിപ്പിച്ചത്.

ജാമ്യം ലഭിച്ചതുകൊണ്ട് ഇ.‌ഡി ചുമത്തിയ ഒരു കുറ്റത്തിൽ നിന്നും കേജ്‌രിവാൾ മോചിതനായിട്ടില്ല. ഇടക്കാല ജാമ്യം വിചാരണ തുടരുന്നതിനും തടസ്സമാവില്ല. മദ്യനയക്കേസിൽ മാർച്ച് 21-ന് അറസ്റ്റിലായ അദ്ദേഹത്തിന് 22 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. അതായത്, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മുഴുകാനും എതിരാളികളെ ശക്തിയുക്തം വിമർശിക്കാനും ഈ ഇടക്കാല ജാമ്യം അദ്ദേഹത്തിന് സമയവും സ്വാതന്ത്ര്യവും നൽകിയിരിക്കുന്നു. ഡൽഹിയിൽ ഈ മാസം 25-നും ആം ആദ്മി ഭരിക്കുന്ന പഞ്ചാബിൽ ജൂൺ ഒന്നിനും വോട്ടെടുപ്പ് നടക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങൾക്കും പുറമേ, ഇന്ത്യാ മുന്നണിക്കു വേണ്ടി മറ്റ് സംസ്ഥാനങ്ങളിലും പ്രചാരണം നടത്താൻ കേജ്‌രിവാളിന് കഴിയും എന്നത് കേസിന്റെ മെരിറ്റിനപ്പുറം ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന നടപടിയാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാവണം ഉന്നത കോടതി ഈ തീരുമാനമെടുത്തത്.

നിയമത്തിന്റെ കൃത്യമായ അതിരുകൾക്കപ്പുറവും പോയി തീരുമാനമെടുക്കാനുള്ള അധികാരം സുപ്രീംകോടതിക്കുണ്ട്. എന്നാൽ കീഴ്ക്കോടതികൾക്ക് ആ രീതിയിൽ നിയമത്തെ വ്യാഖ്യാനിക്കാനാവില്ല. ഡൽഹിയിലെ മദ്യനയക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമാണ് കേജ്‌രിവാളിനെതിരെ ചുമത്തിയിരിക്കുന്നത്. പി.എം.എൽ എ നിയമത്തിൽ ജാമ്യം ലഭിക്കുക എന്നത് സുപ്രീംകോടതിയിലല്ലെങ്കിൽ ഏതാണ്ട് അസാദ്ധ്യമായ കാര്യമാണ്. ആരോപിക്കപ്പെടുന്ന കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് ന്യായാധിപന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടാൽ മാത്രമേ ജാമ്യം നൽകാനാവൂ. അതിനാൽത്തന്നെ ഒരു ന്യായാധിപനും അങ്ങനെയൊരു തീരുമാനമെടുക്കാൻ സാധാരണഗതിയിൽ തുനിയില്ല. ഇവിടെ അതിനാൽത്തന്നെ ജാമ്യം തേടിയല്ല കേജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. തന്നെ അറസ്റ്റ് ചെയ്ത നടപടിയും തനിക്കെതിരെ ഇ.ഡി ചുമത്തിയിരിക്കുന്ന കുറ്റങ്ങളും തെറ്റായതിനാൽ അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

എന്നാൽ, കോടതി കേസിന്റെ മെരിറ്റിലേക്കു കടക്കുകയോ അതിനെക്കുറിച്ച് നിരീക്ഷണം നടത്തുകയോ ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് അറസ്റ്റ് ചെയ്തതിന് ഇ.ഡി നൽകിയ വിശദീകരണം, ഒൻപത് സമൻസുകൾ അവഗണിച്ചതിന്റെ തുടർച്ചയായിട്ടാണ് അറസ്റ്റ് എന്നതായിരുന്നു. രാഷ്ട്രീയക്കാർ സാധാരണ പൗരന്മാരിൽനിന്ന് വ്യത്യസ്തരല്ലെന്നും ഇ.ഡി വാദിച്ചു. അത് സുപ്രീംകോടതി അംഗീകരിച്ചില്ല. കേജ്‌രിവാൾ ഒരു പ്രധാന രാഷ്ട്രീയ കക്ഷിയുടെ നേതാവാണെന്നതും ഡൽഹി മുഖ്യമന്ത്രിയാണെന്നതും അദ്ദേഹത്തിന് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും കോടതി പരിഗണിച്ചു. അതോടൊപ്പം ജനപ്രതിനിധികൾക്ക് ഇലക്ഷനിൽ പ്രചാരണം നടത്തുക എന്നത് ഒഴിവാക്കാൻ സാധിക്കാത്തതാണെന്നും അത് സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെ ബോദ്ധ്യത്തിന് അനിവാര്യമാണെന്നുമുള്ള സന്ദേശമാകാം ഈ ഇടക്കാല ജാമ്യം അനുവദിച്ചതിലൂടെ കോടതി വ്യക്തമാക്കാൻ ശ്രമിച്ചതെന്ന് അനുമാനിക്കാം. എന്തായാലും ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഉതകുന്നതാണ് ഉന്നത കോടതിയുടെ തീരുമാനം.

Advertisement
Advertisement