സൗരോർജ്ജ പദ്ധതിക്ക് പാര പണിയരുത്

Sunday 12 May 2024 12:17 AM IST

പരിസ്ഥിതിക്ക് ദോഷകരമായ വൈദ്യുതി പദ്ധതികളിൽ നിന്ന് പിന്മാറുകയെന്ന ആവശ്യം ശക്തമാകുന്ന ഇക്കാലത്ത് സൗരോർജ്ജ പദ്ധതിക്ക് ഊന്നൽ നൽകേണ്ടതിന്റെ പ്രാധാന്യം പ്രത്യേകിച്ച് പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. നിർഭാഗ്യവശാൽ സംസ്ഥാന വൈദ്യുതി ബോർഡ് ആകട്ടെ,​ ഫലപ്രദമായി നടപ്പിലാക്കേണ്ട പുരപ്പുറ സോളാർ പദ്ധതിയോടു പോലും മുഖംതിരിച്ചു നിൽക്കുകയാണ്. വസ്‌തു എഴുതി വിൽക്കേണ്ടിവരും വിധം ഞെട്ടിക്കുന്ന വൈദ്യുതി ബിൽ കണ്ട് പേടിച്ചാണ് വലിയൊരു വിഭാഗം ഉപഭോക്‌താക്കൾ സോളാറിലേക്കു തിരിയാൻ താത്‌പര്യം കാട്ടിയത്. കടുത്ത വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാമെന്നു മാത്രമല്ല,​ അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി, ബോർഡിനു നൽകി പണവും നേടാമായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന ഈ ആകർഷണം ഇപ്പോൾ സോളാർ എടുത്ത ഭൂരിഭാഗം പേർക്കും ഉണ്ടെന്നു കരുതുക വയ്യ. പകൽനേരത്ത് വൈദ്യുതി അങ്ങോട്ടു കൊടുക്കണം; രാത്രിനേരത്ത് ബോർഡ് പകരം തരുന്ന വൈദ്യുതിക്ക് അമിത ബില്ലും ഈടാക്കിത്തുടങ്ങിയിരിക്കുന്നു!

ട്രാൻസ്‌ഫോർമർ ശേഷിയുടെ 75 ശതമാനത്തിൽ കൂടുതൽ വൈദ്യുതി ഉത്‌പാദനം അനുവദിക്കേണ്ടെന്നാണ് കെ.എസ്.ഇ.ബി ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള തീരുമാനം. 90 ശതമാനം വരെ അനുവദിക്കാമെന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിർദ്ദേശത്തിനു വിരുദ്ധമാണിത്. മാത്രമല്ല,​ പുരപ്പുറ സോളാർ അപേക്ഷകളിൽ പകുതിയിലധികവും അനുമതി കിട്ടാതെ കെ.എസ്.ഇ.ബി ഓഫീസുകളിൽ കെട്ടിക്കിടക്കുകയുമാണ്. കഴിഞ്ഞ മാസം മാത്രം ലഭിച്ച 75,​000 അപേക്ഷകളിൽ പകുതിപോലുംതീർപ്പാക്കിയില്ല. സോളാർ യൂണിറ്റ് സ്ഥാപിച്ചവർക്ക് മീറ്റർ നൽകുന്നില്ലെന്ന പരാതി വ്യാപകമാണ്. മൊത്തം സോളാർ വൈദ്യുതിയും ഗ്രിഡിലേക്ക് നൽകണമെന്നും അതിനുള്ള നെറ്റ് മീറ്റർ കെ.എസ്.ഇ.ബിയിൽ നിന്നു തന്നെ വാങ്ങണമെന്നും വ്യവസ്ഥയുണ്ട്. സോളാർ സ്ഥാപിച്ചവർ പകൽ സമയം ഗ്രിഡിലേക്ക് നൽകുന്നത്രയും വൈദ്യുതി രാത്രിയിൽ അവർക്ക് തിരികെ നൽകേണ്ടതുണ്ട്.

പകൽ വൈദ്യുതി വില യൂണിറ്റിന് നാലു രൂപയിൽ താഴെയാണെങ്കിൽ രാത്രി 12 രൂപയിൽ കൂടുതലാണ്. ഇതുമൂലം വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. എന്നാൽ ബി. അശോക് ബോർഡ് ചെയർമാനായിരിക്കെ പകൽ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി സ്റ്റോറേജ് ചെയ്യാൻ മൂന്ന് ബാറ്ററി സ്റ്റോറേജ് യൂണിറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ഒരു പൈലറ്റ് പദ്ധതിക്ക് ടെൻഡർ വിളിച്ചെങ്കിലും ചെയർമാൻ മാറിയതോടെ ആ പദ്ധതിക്ക് തുരങ്കം വയ്ക്കുകയായിരുന്നു. അഞ്ചുപൈസയുടെ വൈദ്യുതി പോലും അധികം ഉത്‌പാദിപ്പിക്കാനോ, വിതരണമേഖല നവീകരിക്കാനോ കഴിഞ്ഞ കുറേ കാലങ്ങളായി ബോർഡ് ശ്രമിക്കുന്നില്ല. കൂടുതൽ വിലകൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനാണ് യൂണിയനുകൾ ഭരിക്കുന്ന ബോർഡിന് താത്‌പര്യം. ഇതിലൂടെ ലഭിക്കുന്ന കമ്മിഷനിലാകും കണ്ണെന്ന് പ്രത്യേകം പറയേണ്ടതില്ല.

400 ട്രാൻസ്‌ഫോർമറുകൾ ലോഡ് എടുക്കാതെ ഡ്രിപ്പ് ആയി. ഈയൊരു സാഹചര്യത്തിൽ ലോഡ് ഫ്‌ളോ സംബന്ധിച്ച പഠനം നടത്താനും ബോർഡ് തയ്യാറായിട്ടില്ല. സംസ്ഥാന പൊലീസിൽ ഡി.ജി.പി ആയിരുന്ന ആർ. ശ്രീലേഖയുടെ പരാതി ഞങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പരാതിക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അതിനു പരിഹാരം കാണാൻ ശ്രമിക്കാതെ മുട്ടാപ്പോക്ക് മറുപടി നൽകാനാണ് ബോർഡ് ശ്രമിച്ചത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം പൂർണമായും സോളാർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് സ്‌മാർട്ട് പദ്ധതി പ്രകാരം നഗരത്തിലെ വീടുകളിൽ സോളാർ ഉപയോഗിക്കുന്നതിനുള്ള പദ്ധതിയാകട്ടെ ഇഴഞ്ഞുനീങ്ങുകയാണ്. ബോർഡിനുതന്നെ സൗരോർജ്ജ ഉത്‌പാദനത്തിന് മുൻകൈയെടുക്കാവുന്നതേയുള്ളൂ. അധിക ജീവനക്കാരും അധിക ശമ്പളവും ഉള്ള ഈ പൊതുമേഖലാ വെള്ളാനയെ അഴിച്ചുപണിതില്ലെങ്കിൽ കെ.എസ്.ആർ.ടി.സിയേക്കാൾ വലിയ പതനത്തിലേക്കെത്താൻ അധികനാൾ വേണ്ടിവരില്ല.

Advertisement
Advertisement