കാട്ടാന ഭീതിയൊഴിയാതെ മലയോരം

Sunday 12 May 2024 12:08 AM IST
പാലുകാച്ചി ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ച നിലയിൽ

കൊട്ടിയൂർ: മലയോരത്ത് ജനവാസ മേഖലയിലെത്തി കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി പാലുകാച്ചിയിൽ രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടാനകൾ ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാകുകയാണ്.
വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങാതിരിക്കാൻ പാലുകാച്ചിയിൽ വൈദ്യുതവേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല.
കാട്ടാനക്കൂട്ടം ഈ പ്രദേശങ്ങളിൽ നിരന്തരമായ നാശനഷ്ടം ഉണ്ടാക്കുന്നത് ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാകുകയാണ്. വനപാലകർ എത്തുന്നുണ്ടെങ്കിലും ആനകളെ ഓടിക്കാനാകാതെ അവരും നിസ്സഹായരാണെന്നാണ് നാട്ടുകാർ പറയുന്നത്. കാടിറങ്ങിയെത്തുന്ന കാട്ടാനകൾ സന്ധ്യ മയങ്ങുന്നതോടെ വീട്ടുമുറ്റങ്ങളിൽ വരെ എത്താൻ തുടങ്ങിയതോടെ മാസങ്ങളായി ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അധ്വാനിച്ച് കൃഷി ചെയ്യുന്ന വിളകൾ മുഴുവൻ കാട്ടാന നശിപ്പിക്കാൻ തുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു.

കാട്ടാന ശല്യം പരിഹരിക്കാൻ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് വീട്ടമ്മമാർ ഉൾപ്പെടെ പറയുന്നത്. ലീലാമ്മ കണിയാഞ്ഞാലിൽ, സിനി ചെറു വിളയിൽ, ഓമന വാഴക്കാലയിൽ, അനിൽ നന്ത്യാട്ട്, പുതനപ്ര ബെന്നി, അറക്കൽ ബേബി തുടങ്ങിയ കർഷകരുടെ കൃഷിയിടത്തിലെത്തിയാണ് കഴിഞ്ഞദിവസങ്ങളിൽ കാട്ടാനകൾ വാഴ, കവുങ്ങ്, കൊക്കോ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചത്.

സന്ദർശക വിലക്ക്

കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചി മേഖലയിൽ ദിവസങ്ങളായി തുടരുന്ന കാട്ടാന ഭീഷണിയെത്തുടർന്ന് പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. മേയ് 20 വരെയാണ് വിലക്കെന്ന് വന സംരക്ഷണ സമിതി പ്രവർത്തകരും വനപാലകരും അറിയിച്ചു.

Advertisement
Advertisement