11 കെ.വി ലൈനിൽ കെ.എസ്.ഇ.ബിയുടെ കോവൽകൃഷി

Sunday 12 May 2024 12:00 AM IST
കുമളി- റോസാപ്പൂക്കണ്ടം കോളനി റോഡിൽ 11 കെ.വി ലൈനിലേക്ക് പടർന്ന കോവൽ

കുമളി: കുമളിക്ക് സമീപം റോസാപ്പൂക്കണ്ടം റോഡരികിലെ 11 കെ.വി ലൈനിൽ കെ.എസ്.ഇ.ബി വക കോവൽ കൃഷി. ഹൈടെൻഷൻ ലൈനിലാണ് കോവൽ പടർന്ന് പന്തലിച്ച് കിടക്കുന്നത്. രണ്ട് ഫേസ് ലൈനിലും വള്ളിപ്പടർപ്പുണ്ട്. വേനൽ മഴ ലഭിച്ചതോടെ കോവലിന് ശക്തി പ്രാപിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അറ്റകുറ്റപണിയുടെ പേരിൽ രാവിലെ മുതൽ വൈകിട്ട് വരെ വൈദ്യുതി മുടക്കമുള്ള കുമളിയിലാണ് റോഡരികിലെ വള്ളിപ്പടർപ്പ് കെ.എസ്.ഇ.ബിയുടെ കണ്ണിൽ പെടാത്തത്. വള്ളിപ്പടർപ്പിന്റെ വളർച്ചയും പഴക്കവും നോക്കിയാൽ അധികൃതർ മാസങ്ങളായി ഇതുവഴി പോയിട്ടില്ലെന്ന് വേണം അനുമാനിക്കാൻ. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന റോസാപ്പൂക്കണ്ടം കോളനിയിലെ കെ.എസ്.ഇ.ബിയുടെ അനാസ്ഥ അപകടത്തിനിടയാക്കിയേക്കും. സബ് സ്റ്റേഷന് സമീപത്തായി എലിഫന്റ് ജംഗ്ഷനിൽ നിന്ന് വിശ്വനാഥപുരത്തേക്കുള്ള (മുരിക്കടി) കോൺക്രീറ്റ് റോഡിൽ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് മരങ്ങൾ നിൽപ്പുണ്ടെങ്കിലും മഴക്കാലമെത്തിയിട്ടും ഒരു ചില്ല പോലും വെട്ടിമാറ്റിയിട്ടില്ല. ഈ റോഡ് വശത്ത് പുതിയ കണക്ഷൻ നൽകുന്നതിന് സ്ഥാപിച്ച കോൺക്രീറ്റ് പോസ്റ്റുകൾ പലതും ചരിഞ്ഞ് അപകടാവസ്ഥയിലാണ്.

Advertisement
Advertisement