ആയവന കൊലപാതകം; പ്രതിയുമായി​ തെളിവെടുപ്പ് നടത്തി

Sunday 12 May 2024 1:16 AM IST

മൂവാറ്റുപുഴ: സ്വർണത്തിനും പണത്തിനുമായി മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

പ്രതി ജോജോവിനെയാണ് അടിവാടുള്ള താമസ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്ക് പുറമെ സഹകരണ ബാങ്കിൽ കൗസല്യയുടെ പേരിലുള്ള 50,000 രൂപക്കും വേണ്ടിയായിരുന്നു കൊലയെന്ന് തെളിവെടുപ്പിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി വിവരിച്ചു. തെളിവെടുപ്പിനിടയിൽ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. കല്ലൂർക്കാട് സി.ഐ രവി സന്തോഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്‌.ഐ എഡിസൺ മാത്യു, ജി.എ.എസ്‌.ഐ ഗിരീഷ് കുമാർ, കെ.ആർ ബിനു, പോത്താനിക്കാട് എസ്.ഐ ശരണ്യ എസ് .ദേവൻ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) യെ കൊലപ്പെടുത്തിയത്.

മരണകാരണം ഹൃദയാഘാതമാണെന്നായിരുന്നു ആദ്യം കരുതിയത്. കൗസല്യയുടെ മരണം സ്ഥിരീകരിക്കാനെത്തി പരിശോധന നടത്തിയ ഡോക്ടറാണ് സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു.

Advertisement
Advertisement