കട്ടപ്പനയിൽ 18 കാരനെതിരെ കള്ളകേസെടുത്ത പൊലീസുകാർക്ക് സസ്‌പെൻഷൻ

Sunday 12 May 2024 1:20 AM IST

കട്ടപ്പന: ഇരട്ടയാറിൽ വിദ്യാർത്ഥിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കട്ടപ്പന മുൻ എസ്‌.ഐ എൻ.ജെ. സുനേഖ്, സി.പി.ഒ മനു പി. ജോസ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് നടപടിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി എൻ.ജെ. സുനേഖിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്കും മനു പി. ജോസിനെ എ.ആർ ക്യാമ്പിലേക്കും സ്ഥലം മാറ്റിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിനായിരുന്നു അന്വേഷണച്ചുമതല. ഏപ്രിൽ 25ന് ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ യുവാക്കൾ ബൈക്കിടിപ്പിച്ച് സി.പി.ഒ മനു പി. ജോസിന് പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. തുടർന്ന് പുളിയന്മല മടുക്കോലിപ്പറമ്പിൽ ആസിഫ്, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരെ പിടികൂടി. സംഭവസമയത്ത് സ്ഥലത്ത് ഇല്ലാതിരുന്ന ആസിഫിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയും ചെയ്തു. രണ്ട് ബൈക്കുകളിലാണ് ആസിഫും കൂട്ടുകാരുമെത്തിയത്. ആസിഫ് ഓടിച്ച ബൈക്ക് പൊലീസ് വാഹനത്തെ മറികടന്നു പോയി. പുറകെയെത്തിയ ബൈക്കിലുള്ളയാളെ പിടികൂടാൻ പൊലീസ് ജീപ്പ് കുറുകെ നിർത്തി. ഈ സമയം ബൈക്ക് പൊലീസ് വാഹനത്തിന് സമീപത്തേക്ക് മറിയുകയും ഇറങ്ങിവന്ന മനു റോഡിലേക്ക് വീഴുകയുമായിരുന്നു. ബൈക്കിടിച്ച സംഭവത്തിന് ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാഹനത്തിലും സ്റ്റേഷനിലും മർദിച്ചതായും ചൂണ്ടിക്കാട്ടി യുവാവിന്റെ അമ്മ ഗവർണർക്കും മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

കള്ളക്കേസിൽ കുടുക്കിയത് മുൻ വൈരാഗ്യത്തിന്റെ പേരിലെന്ന് ആസിഫ്

മുൻ വൈരാഗ്യത്തിന്റെ പേരിലാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് ആസിഫ് വ്യക്തമാക്കി. തന്റെ പുറകിൽ ബൈക്കിൽ എത്തിയ സുഹൃത്തുക്കളെ പൊലീസ് പിടികൂടിയപ്പോൾ നടന്നു വന്ന തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ആസിഫ് പറയുന്നത്. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി പൊലീസ് മാതാവിനെയടക്കം അസഭ്യം പറയുകയും മാനസികമായി തളർത്തുകയും ചെയ്തെന്ന് ആസിഫ് പറയുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചു. എസ്.ഐ സുനേഖും, സി.പി.ഒ മനു പി. ജോസും ശക്തമായി നടുവിൽ ഇടിക്കുകയും ചവിട്ടുകയും ചെയ്‌തു. ഒപ്പം മർദ്ദനവിവരം പുറത്തു പറഞ്ഞാൽ ജയിലിനുള്ളിലെ തന്റെയാളുകൾ നിന്നെ ശവമാക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തി. ഏതാനും നാളുകൾക്ക് മുമ്പ് കട്ടപ്പനയിൽ ഇരുചക്ര വാഹന യാത്രക്കാരൻ, തന്നെ വാഹനം ഇടിച്ച് അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് എസ്.ഐ സുനേഖ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് പിടിച്ച വാഹനം ആസിഫിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ആ വാഹനം പൊലീസ് സ്റ്റേഷനിൽ നിന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇറക്കിക്കൊണ്ട് പോയതാണ് വ്യക്തി വൈരാഗ്യത്തിന് കാരണമെന്നും ആസിഫ് പറഞ്ഞു. 12 ദിവസം ആസിഫ് റിമാൻഡിൽ കഴിഞ്ഞു. ജാമ്യം കിട്ടിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ആസിഫ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Advertisement
Advertisement