15 കാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ ബംഗാളി ഉൾപ്പെടെ 6 യുവാക്കൾ അറസ്റ്റിൽ
തലശ്ശേരി: സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് കതിരൂർ കോട്ടയം പൊയിൽ നിന്നും ബംഗാളി യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ ലത്തീഫ് ഉൾപ്പെടെ ആറ് പേരാണ് പിടിയിലായത്. ചാലിൽ, ചിറക്കര, മട്ടാമ്പ്രം ഭാഗത്തുള്ള അജ്മൽ, സിനാൻ, റഫാത്ത്, അഫ്രീദ്, ഷാമിൽ എന്നിവരാണ് മറ്റുള്ളവർ.
ലത്തീഫാണ് തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരൻ. തട്ടികൊണ്ടുപോയ 15 കാരനെ തലശ്ശേരി പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കുട്ടിയുടെ അമ്മ തലശ്ശേരി പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് പൊലീസ് സംഘം അന്വേഷണം നടത്തുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്വട്ടേഷൻ സംഘത്തെ പിടികൂടുകയുമായിരുന്നു. 15 കാരനെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കണ്ടെത്തി. എല്ലാവരെയും കതിരൂർ പൊലീസിന് കൈമാറുകയായിരുന്നു. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുട്ടിയുടെ താമസം.
യുവതിയുടെ രണ്ടാം ഭർത്താവിന്റെ സുഹൃത്താണ് ലത്തീഫ്. രണ്ടാം ഭർത്താവുമായി ലത്തീഫിന് സാമ്പത്തിക ഇടപാടുണ്ട്. ഈ വകയിൽ കിട്ടാനുള്ള പണത്തിനായി യുവതിയുടെ മകനെ തട്ടി കൊണ്ടുപോയെന്നാണ് വ്യക്തമായത്. നേരത്തെ തലശ്ശേരിയിലാണ് ബംഗാളി യുവതിയും രണ്ടാം ഭർത്താവും മകനും താമസിച്ചിരുന്നത്. യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോകാൻ ലത്തീഫ് ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയായിരുന്നു.