പോളിംഗ് ശതമാനം സംബന്ധിച്ച പരാമർശം തിരഞ്ഞെടുപ്പ് കമ്മിഷന് ഖാർ‌ഗെയുടെ മറുപടി

Sunday 12 May 2024 12:13 AM IST

ന്യൂഡൽഹി: പോളിംഗ് ശതമാനം പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട വിമർശനം നടത്തിയതിന് ശാസിച്ച തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കമ്മിഷന്റെ പരാമർശങ്ങൾ അദ്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷം നൽകിയ പരാതികളിൽ ഇതുവരെയും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും ഖാർഗെ പറഞ്ഞു. കമ്മിഷൻ ഉപദേശ രൂപേണ പൗരൻമാരെ ഭീഷണിപ്പെടുത്തുകയാണ്. ഭരണകക്ഷി നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങളിൽ അടിയന്തര നടപടിയില്ലാത്തത് അമ്പരിപ്പിക്കുന്നു. കമ്മിഷന്റെ ശക്തവും സ്വതന്ത്രവുമായ പ്രവർത്തനങ്ങൾക്ക് ഒപ്പമാണ് കോൺഗ്രസ്- തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ ഖാർഗെ വ്യക്തമാക്കി.

വിമർശിച്ച് പ്രസ് ക്ളബ് ഓഫ് ഇന്ത്യ

വോട്ടെടുപ്പ് കഴിഞ്ഞയുടൻ പത്രസമ്മേളനം നടത്തി പോളിംഗ് ശതമാനം പ്രഖ്യാപിക്കുന്ന പതിവ് പുനഃരാരംഭിക്കണമെന്ന് പ്രസ് ക്ളബ് ഓഫ് ഇന്ത്യ(പി.സി.ഐ) തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചു. മൂന്ന് ഘട്ടത്തിലും വോട്ടിംഗ് ശതമാനം സംബന്ധിച്ച അന്തിമ വിവരം പുറത്തു വിടാൻ വൈകിയതിൽ പി.സി.ഐ ആശ്ചര്യം രേഖപ്പെടുത്തി. വോട്ടെടുപ്പ് ദിവസം എന്തു സംഭവിച്ചുവെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും പി.സി.ഐ ആവശ്യപ്പെട്ടു.

മൂന്നാം ഘട്ടത്തിൽ

65ശതമാനം പോളിംഗ്

അന്തിമ ഫലം പുറത്തുവിടാൻ വൈകുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കെ മേയ് ഏഴിന് 93 മണ്ഡലങ്ങളിൽ നടന്ന നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ 65.68ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ അറിയിച്ചു. 85.45 ശതമാനം രേഖപ്പെടുത്തിയ അസാമിലണ് കൂടുതൽ പോളിംഗ്. കുറവ് യു.പിയിലും(57.55%).

Advertisement
Advertisement