പാക് അതിർത്തി നിരീക്ഷിക്കാൻ കരസേനയ്ക്ക് ഇനി 'ദൃഷ്‌ടി'കരുത്ത്, 18 ന് കൈമാറും

Sunday 12 May 2024 12:38 AM IST

KK

ന്യൂഡൽഹി: പാകിസ്ഥാൻ അതിർത്തിയിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ കരസേനയ്‌ക്ക് കരുത്തായി ആഭ്യന്തരമായി നിർമ്മിച്ച ഹെർമിസ്-900 സ്റ്റാർലൈനർ അഥവാ ദൃഷ്‌‌ടി-10​ ഡ്രോൺ. മേയ് 18 ന് ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ കരസേനയ്ക്ക് ഡ്രോൺ കൈമാറും. മേക്ക് ഇൻ ഇന്ത്യാ പദ്ധതിക്കു കീഴിൽ ഇസ്രയേൽ സ്ഥാപനമായ എൽബിറ്റിന്റെ സഹകരണത്തോടെ അദാനി ഡിഫൻസ് സിസ്റ്റംസ് ആണ് ഡ്രോൺ നിർമ്മിച്ചത്.

ദൃഷ്‌‌ടി-10 ഡ്രോണിന് 30,000 അടി ഉയരത്തിൽ 30 മണിക്കൂറിലധികം പറക്കാൻ ശേഷിയുണ്ട്. ഒറ്റയടിക്ക് 2000 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയും. താണുപറക്കുന്ന ഡ്രോണുകൾ ഹെലികോപ്ടറുകൾ, വിമാനങ്ങൾ എന്നിവയെ കണ്ടെത്തുകയാണ് ജോലി.

അദാനി ഡിഫൻസ് സിസ്റ്റംസുമായുള്ള കരാർ പ്രകാരം ലഭിക്കേണ്ട രണ്ട് ഡ്രോണുകളിൽ ആദ്യത്തേതാണ് കരസേനയ്‌ക്ക് ഇപ്പോൾ ലഭിക്കുന്നത്. ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ സേനയ്ക്ക് കൈമാറുന്ന ഡ്രോൺ

പഞ്ചാബിലെ ഭട്ടിൻഡ ക്യാമ്പിലാണ് വിന്ന്യസിക്കുക. പാകിസ്ഥാനുമായി അതിർത്തി പങ്കിടുത്ത പടിഞ്ഞാറൻ മേഖലയിലെ നിരീക്ഷണമാണ് ലക്ഷ്യം. ഹെർമിസ്-900 സീരീസിലെ ആദ്യ ഡ്രോൺ ഇക്കഴിഞ്ഞ ജനുവരിയിൽ നാവികസേനയ്ക്ക് കൈമാറിയിരുന്നു. പോർബന്ദറിൽ വിന്ന്യസിക്കുന്ന നാവികസേനാ ഡ്രോൺ പാകിസ്ഥാനുമായുള്ള സമുദ്രാതിർത്തി പങ്കിടുന്ന മേഖലയിലെ നിരീക്ഷണത്തിനുള്ളതാണ്. കരസേനയ്‌ക്ക് ശേഷം മൂന്നാമത്തെ ഡ്രോൺ നാവികസേനയ്‌ക്ക് നൽകും. നാലാമത്തേത് കരസേനയ്ക്കുള്ളത്.

നിലവിൽ സേനയിലുള്ള ഹെറോൺ മാർക്ക് 1, മാർക്ക് 2 ഡ്രോണുകളും ഇസ്രയേൽ സാങ്കേതികവിദ്യയിൽ അധിഷ്ടിതമാണ്. എൽബിറ്റുമായുള്ള അദാനി ഡിഫൻസിന്റെ കരാർ പ്രകാരം 70 ശതമാനം ആഭ്യന്തര ഘടകങ്ങളാണ് ദൃഷ്‌ടി ഡ്രോണിൽ ഉപയോഗിക്കുന്നത്.

Advertisement
Advertisement