റസ്‌കിൻ ബോണ്ടിന് സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ് 

Sunday 12 May 2024 12:39 AM IST

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ഏറ്റവും വലിയ അംഗീകാരമായ സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ് പ്രശസ്ത എഴുത്തുകാരൻ റസ്കിൻ ബോണ്ടിന് സമ്മാനിച്ചു. റസ്കിൻ ബോണ്ടിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സാഹിത്യ അക്കാഡമി പ്രസിഡന്റ് മാധവ് കൗശികും സെക്രട്ടറി കെ. ശ്രീനിവാസ റാവുവും ഇന്നലെ മസൂറിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അംഗീകാരം സമർപ്പിച്ചത്. ബോണ്ടിന്റെ മകനും സന്നിഹിതനായിരുന്നു. 1934 മേയ് 19ന് ഹിമാചൽ പ്രദേശിലെ കസൗലിയിൽ ജനിച്ച അദ്ദേഹം അഞ്ച് ദശാബ്ദത്തിലേറെയായി കഥാ സമാഹാരങ്ങൾ, നോവലുകൾ തുടങ്ങിയവയുമായി എഴുത്തിന്റെ ലോകത്ത് സജീവമാണ്. വേഗ്ര‌ന്റ്‌സ് ഇൻ ദ വാലി, വൺസ് അപ്പോൺ എ മൺസൂൺ ടൈം, ആൻഗ്രി റിവർ, സ്ട്രേഞ്ചേഴ്സ് ഇൻ ദ നൈറ്റ്, എ ഫ്ലൈറ്റ് ഒഫ് പീജിയൻസ് തുടങ്ങിയവയാണ് പ്രധാന രചനകൾ. 1992ൽ സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 1999ൽ പദ്മശ്രീയും 2019ൽ പദ്‌മ ഭൂഷണും നൽകി രാജ്യം ആദരിച്ചു.

Advertisement
Advertisement