പ്രജ്വലിന്റെ വീഡിയോ: ബി.ജെ.പി നേതാവ് അറസ്റ്റിൽ

Sunday 12 May 2024 1:09 AM IST

ബംഗളൂരു: ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ വീഡിയോകൾ ചോർത്തിയത് ബി.ജെ.പി നേതാവ് ദേവരാജ ഗൗഡയാണെന്നും ഗൗഡയെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ്. പെൻഡ്രൈവ് ഉപയോഗിച്ച് ഇയാൾ വീഡിയോകൾ ചോർത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.ഹാസൻ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്ര്. എന്നാൽ ഗൗഡ ആരോപണം നിഷേധിച്ചു. കർണാടക തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ്
പ്രജ്വലിന്റെ ലൈംഗികാതിക്രമ വീഡിയോകൾ പുറത്തുവന്നത്. പിന്നാലെ പ്രജ്വലിനെതിരെ ഉയർന്ന പരാതികളിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനിടെ പ്രജ്വൽ ജർമ്മനിയിലേക്ക് പോവുകയും ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്‌തു. പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വലിന്റെ പിതാവും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണ ജയിലിലാണ്.

പ്രജ്വലിന് എതിരെ

മൂന്നാമത്തെ എഫ്.ഐ.ആർ

അതിനിടെ,​ പ്രജ്വലിനെതിരെ ഒരു പീഡന കേസ് കൂടി രജിസ്റ്റർ ചെയ്‌തു. ഇതോടെ പ്രജ്വലിനെതിരെയുള്ള രജിസ്റ്റർ ചെയ്‌ത കേസുകൾ മൂന്നായി. അന്വേഷണത്തിനായി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരുവിൽ പ്രജ്വലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്‌.

Advertisement
Advertisement