വൈസ് പ്രസിഡന്റ്: നിക്കിയെ പരിഗണിക്കില്ലെന്ന് ട്രംപ്

Sunday 12 May 2024 6:40 AM IST

വാഷിംഗ്ടൺ : നിക്കി ഹേലിയെ താൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കി യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ സസ്പെൻസ് തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉൾപാർട്ടി പോരുകളിൽ ട്രംപിനെതിരെ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലിക്ക് കഴിഞ്ഞു. ട്രംപിന്റെ കടുത്ത വിമർശക കൂടിയാണ് ഇന്ത്യൻ വംശജയായ നിക്കി. നിക്കിയടക്കമുള്ള സ്ഥാനാർത്ഥികൾ ഉൾപാർട്ടി തിരഞ്ഞെടുപ്പുകളിൽ നിന്ന് പിന്മാറിയതോടെ പാർട്ടിയുടെ നോമിനേഷൻ ട്രംപ് ഉറപ്പിക്കുകയായിരുന്നു.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്,​​ ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി, സൗത്ത് കാരലൈന സെനറ്റർ ടിം സ്കോട്ട്,​ ഹവായിയിൽ നിന്നുള്ള മുൻ ജനപ്രതിനിധി സഭാംഗം തുൾസി ഗബ്ബാർഡ്,​ ഫ്ലോറിഡയിലെ ജനപ്രതിനിധി സഭാംഗം ബയേൺ ഡൊണാൾഡ്സ്,​ സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയം തുടങ്ങിയവർ വൈസ് പ്രസിഡന്റ് നോമിനേഷനായി ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

Advertisement
Advertisement