കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കും; 400 സീറ്റ് നേടാനുള്ള പദ്ധതി വിവരിച്ച് അമിത് ഷാ

Sunday 12 May 2024 1:17 PM IST

ന്യൂഡൽഹി: ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്‌നാട്ടിലും ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂ ഇന്ത്യൻ എക്‌സ്‌‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പിൽ എൻഡിഎ എങ്ങനെ 400 സീറ്റ് നേടുമെന്ന ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി 400 സീറ്റ് നേടിയാൽ ഭരണഘടന മാറ്റുമെന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി.' 2014 മുതൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം എൻഡിഎയ്ക്കുണ്ടായിരുന്നു. എന്നാലത് ഞങ്ങൾ ഒരിക്കലും ചെയ്യില്ല. പത്തുവർഷത്തിനിടെ സംവരണത്തിൽ ഞങ്ങൾ കൈവച്ചിട്ടുപോലുമില്ല. രാമക്ഷേത്രം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതൊരിക്കലും തിരഞ്ഞെടുപ്പ് വിഷയമല്ല.

ഏക സിവിൽകോഡ് വലിയ പരിഷ്‌കരണമാണ്. ഉത്തരാഖണ്ഡ് അത് നടപ്പിലാക്കി. മുസ്ളീം പ്രതിനിധികളടക്കം അതിനെ എതിർത്തിരുന്നു. രാജ്യത്തുടനീളമത് നടപ്പിലാക്കണമെന്നാണ് ഞാൻ കരുതുന്നത്. ഒരിക്കലും നടപ്പിലാകാത്ത വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. അതിനാലാണ് ഞങ്ങളതിനെ ചൈനീസ് ഗ്യാരന്റിയെന്ന് പറയുന്നത്. അവർ പറയുന്ന കാര്യങ്ങൾ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും നടപ്പിലാക്കി കാണിക്കണം.

മറ്റുള്ളവർ പറയാൻ ആവശ്യപ്പെടുന്നതാണ് രാഹുൽ ഗാന്ധി പറയുന്നത്. ഹവായ് ചെരുപ്പിനും ബ്രാൻഡഡ് ഷൂസിനും ഒരേ നികുതി ഏർപ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. തിരഞ്ഞടുപ്പ് ബോണ്ടിലെ നിലപാടിൽ പുനഃപരിശോധന നടത്തേണ്ടത് സുപ്രീം കോടതിയാണ്. ബദൽ ഏർപ്പെടുത്താതെ ഏത് നയവും ഇല്ലാതാക്കുന്നത് ശരിയല്ല'- അമിത് ഷാ പറഞ്ഞു.

പശ്ചിമബംഗാളിൽ എൻഡിഎ 30 സീറ്റ് നേടും. ബീഹാറിൽ 2019 ആവർത്തിക്കും. ഒഡീഷയിൽ പതിനാറോ അതിൽ കൂടുതലോ സീറ്റ് നേടും. തെലങ്കാനയിൽ പത്തോ പന്ത്രണ്ടോ എംപിമാർ ബിജെപിക്കുണ്ടാകും. ആന്ധ്രാപ്രദേശിൽ 18 സീറ്റുകൾവരെ നേടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി മികച്ച പ്രകടനം കാഴ്‌ചവയ്ക്കും'- അമിത് ഷാ അവകാശപ്പെട്ടു.

Advertisement
Advertisement