മേശയും പ്രിന്ററും കംപ്യൂട്ടറും വരെ, കെട്ടിടത്തിന്റെ മേൽക്കൂര ആരുമറിയാതെ യുവതി വീടാക്കിയത് ഒരു വർഷത്തോളം

Sunday 12 May 2024 3:38 PM IST

വാഷിംഗ്ടൺ: താമസിക്കാൻ സ്വന്തമായി വീടില്ലാത്തവർ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും കിടന്നുറങ്ങുന്ന കാഴ്ചകൾ കണ്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ഇവർക്കായി പലതരത്തിലുളള നിയമസഹായങ്ങൾ ഭരണകൂടം ഒരുക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും പൊതുസ്ഥലങ്ങളിൽ സ്ഥിരതാമസമാക്കാറുണ്ട്. അത്തരത്തിൽ ഉളള ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

യു എസിലെ മിഷിഗണിലാണ് സംഭവം. കഴിഞ്ഞ ഒരു വർഷമായി ആരുമറിയാതെ ഒരു സൂപ്പർ മാർക്കറ്റിൽ താമസിച്ചിരുന്ന യുവതിയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. 34കാരിയായ യുവതിയാണ് ഫാമിലി ഫെയർ എന്ന പേരുളള സൂപ്പർ മാർക്കറ്റിന്റെ മേൽക്കൂരയുടെ ഒഴിഞ്ഞ ഭാഗത്ത് സ്ഥിരതാമസമാക്കിയത്.

ഏകദേശം അഞ്ച് അടി വീതിയും എട്ട് അടി ഉയരവുമുളള മേൽക്കൂരയിൽ എക്സ്​റ്റൻഷൻ കോഡ് അന്വേഷിച്ചുവന്ന ഒരു കരാർ ജോലിക്കാരനാണ് അപ്രതീക്ഷിതമായി യുവതിയെ കണ്ടത്. ഇതോടെ ജോലിക്കാരൻ മറ്റ് ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. മേൽക്കൂരയിലേക്ക് കയറാൻ ഗോവണിയോ മ​റ്റുളള സംവിധാനങ്ങളോ ഇല്ല. പക്ഷെ യുവതി കയറിയത് സൂപ്പർ മാർക്കറ്റിന്റെ പിൻവശം വഴിയോ അല്ലെങ്കിൽ സമീപത്തുളള മ​റ്റ് കടകൾ വഴിയോ ആയിരിക്കാമെന്നാണ് മിഡ്ലാൻഡ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മേൽക്കൂരയിലെ ഔട്ട്‌ലെ​റ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന പവർ കോഡ് മുഖേന യുവതിക്ക് ആവശ്യത്തിന് വൈദ്യുതി സഹായവും ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതിയെന്നാണ് വിവരം. സൂപ്പർ മാർക്കറ്റിലുളളവർ കണ്ടെത്തിയതോടെ താമസം മാ​റ്റാമെന്ന് യുവതി അറിയിക്കുകയായിരുന്നു. ഇതോടെ നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു.ചെറിയ സ്ഥലത്ത് യുവതി ഇത്രയും നാൾ എങ്ങനെ താമസിച്ചുവെന്ന് അറിയില്ലെന്ന് ഉദ്യോഗസ്ഥർ അതിശയത്തോടെ പറഞ്ഞു. മേൽക്കൂരയിൽ ഒരു ചെറിയ മേശ,​ കുറച്ച് വസ്ത്രങ്ങൾ, കോഫി മേക്കർ, പ്രിന്റർ, കംപ്യൂട്ടർ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർ യുവതിക്ക് സഹായം വാഗ്ദ്ധാനം ചെയ്തെങ്കിലും അവർ നിരസിക്കുകയായിരുന്നു. യുവതി എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Advertisement
Advertisement