കോഴിക്കോട് രോഗി ഡോക്‌ടറെ മർദിച്ചു, കല്ലെടുത്ത് തലയ്‌ക്കടിക്കാൻ ശ്രമം; അസഭ്യം പറഞ്ഞു

Sunday 12 May 2024 3:51 PM IST

കോഴിക്കോട്: കോടഞ്ചേരിയിൽ രോഗി ഡോക്ടറെ മർദിച്ചതായി പരാതി. ഹോളിക്രോസ് ആശുപത്രിയിലെ ഡോക്‌ടർ സുസ്‌മിതിനാണ് മർദനമേറ്റത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം. ഡോക്ടറെ മർദിക്കുന്നതിനൊപ്പം അസഭ്യം പറയുകയും ചെയ്തു.

വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ രോഗിയാണ് അതിക്രമം കാണിച്ചത്. പ്രതി അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തനിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ചായിരുന്നു പരാക്രമം. മറ്റൊരു വനിതാ ഡോക്ടറോടും രോഗി മോശമായി പെരുമാറിയതായി റിപ്പോർട്ടുകളുണ്ട്.

ആശുപത്രിയിൽ ബഹളം വച്ചതോടെ സെക്യൂരിറ്റിയും ജീവനക്കാരും ചേർന്ന് ഇയാളെ പുറത്താക്കി. പുറത്ത് കാത്തിരുന്ന ഇയാൾ, കല്ലെടുത്ത് ഡോക്ടറുടെ തലയ്‌ക്കടിക്കാൻ ശ്രമിച്ചു. ഡോക്‌ടർ ഇയാളെ തള്ളിമാറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'കല്ലെടുത്ത് തലയ്ക്ക് അടിക്കാൻ നോക്കിയപ്പോഴാണ് സ്വയരക്ഷാർത്ഥം പിടിച്ചുതള്ളിയത്. കുടുംബത്തെ കത്തിച്ചുകളയുമെന്ന് വരെ ഭീഷണിപ്പെടുത്തി. നിയമനടപടിയുമായി മുന്നോട്ടുപോകും,'- ഡോക്ടർ സുസ്‌മിത് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.